kk
പാലം ഒഴുകി പോയതോടെ കമുകിൻ തടിയിലൂടെ കടന്ന് പോകുന്ന യാത്രക്കാർ

ചെറുതോണി: പ്രളയം കടന്ന് പോയി എട്ട് മാസം പിന്നിട്ടിട്ടും ദുരിതത്തിൽ നിന്ന് ഇന്നും ഹൈറേഞ്ചിലെ ജനത കരകയറിയിട്ടില്ല. ചെറുതോണി ഡാം തുറന്നപ്പോഴുണ്ടായ കുത്തൊഴുക്കിൽ പാലവും റോഡും ഒലിച്ച് പോയതോടെ വിമലഗിരി ഒട്ടലാങ്കൽ റോഡിലെ നിരവധി കുടുംബങ്ങളാണ് യാത്രാ ദുരിതമനുഭവിക്കുന്നത്. കൊച്ചു കുട്ടികളക്കം നിരവധി പേരാണ് റോഡും പാലവും ഇല്ലാത്തതിനാൽ ഇരുകരകളിലേക്കും ബന്ധപ്പെടാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. വെള്ളപാച്ചിലിൽ ഒട്ടലാങ്കൽ പടി വിമലഗിരി റോഡ് ഒഴുകി പോയതോടെ വാഹന ഗതാഗതം പൂർണമായും നിലച്ചു. കരിമ്പനിലേക്ക് കടന്ന് പോകാൻ ഇതുമൂലം കിലോമീറ്ററുകളാണ് തങ്ങൾക്ക് സഞ്ചരിക്കേണ്ടി വരുന്നതെന്ന് നാട്ടുകാർ പറയുന്നു. പാലം തകർന്നതോടെ വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകൾ ഈ ഭാഗത്ത് ഒറ്റപ്പെട്ടു. നിലവിൽ കമുകിൻ തടി ഇട്ട താത്കാലിക പാലത്തിലൂടെയാണ് കുട്ടികളുൾപ്പെടെ കടന്ന് പോകുന്നത്. അരമനപടിയിൽ നിന്നും വിമലഗിരി റോഡിലേക്ക് 350 മീറ്റർ നീളത്തിൽ മുൻ സർക്കാർ പാലം അനുവദിച്ചിരുന്നു. എന്നാൽ സ്ഥലത്തെ ജനപ്രതിനിധികളുടെ അലംഭാവം മൂലം അനുവദിച്ച തുക ലാപ്സായി പോയതായി പ്രദേശവാസികൾ ആരോപിക്കുന്നു. നിലവിൽ സ്‌കൂളുകളിൽ പോകുന്ന കുട്ടികൾ വളരെ ഭീതിയോടെയാണ് കയങ്ങൾ നിറഞ്ഞ വഴുക്കലുള്ള പാറകളിലൂടെ കടന്ന് പോകുന്നത്. വരുന്ന മഴ കാലത്ത് എങ്ങനെ സ്‌കൂളുകളിലേക്ക് പോകുമെന്ന ആശങ്കയാണ് ഇവർക്ക്. തങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ അധികൃതർക്ക് കഴിയില്ലെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.