k
ബുൾബേന്ദ്രനും ഭാര്യയും

അടിമാലി: പരിസ്ഥിതി ചൂഷണത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന പരിസ്ഥിതി സ്നേഹികൾ ധാരാളമുണ്ടാകാം. അവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് അടിമാലി ആയിരമേക്കർ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ കെ. ബുൾബേന്ദ്രൻ. മൂന്നേക്കറോളം പുരയിടം ഇഴജന്തുക്കൾക്കും പക്ഷികൾക്കും മറ്റ് സസ്യജാലങ്ങൾക്കും ആവാസകേന്ദ്രമായ വനമാക്കി മാറ്റി ഇദ്ദേഹം. 25 വർഷം മുമ്പായിരുന്നു ബുൾബേന്ദ്രൻ ആദ്യമായി വൃക്ഷങ്ങൾ നട്ട് തുടങ്ങിയത്. ഇന്ന് ബുൾബേന്ദ്രന്റെ വീടിന് ചുറ്റുമുള്ള മൂന്നേക്കറോളം ഭൂമി വനതുല്യമായി മാറി. പുരയിടത്തിൽ നിന്ന് ബുൾബേന്ദ്രന് വരുമാനമായി ഒന്നും ലഭിക്കുന്നില്ല. പക്ഷേ,​ പച്ചപ്പ് നിറഞ്ഞ ഈ കൊച്ചുതുരുത്ത് ആവാസ വ്യവസ്ഥക്ക് നൽകുന്ന സംഭാവന ചെറുതല്ല. താപനില ക്രമാതീതമായി ഉയരുമ്പോഴും ബുൾബേന്ദ്രന്റെ പുരയിടത്തിൽ സദാസമയവും ഇളം തണുപ്പ് തളം കെട്ടിനിൽക്കുന്നു. വിദ്യാർത്ഥികൾ പരിസ്ഥിതി ക്യാമ്പിനായും പരിസരവാസികൾ വിശ്രമത്തിനായും തന്റെ ഈ കൊച്ചുതുരുത്തിൽ എത്താറുണ്ടെന്ന് ബുൾബേന്ദ്രൻ പറഞ്ഞു. ഉന്നവും മണിമരുതും തേക്കും ഉൾപ്പെടെ 400 നടുത്ത് സസ്യജാലങ്ങൾ ബുൾബേന്ദ്രന്റെ പുരയിടത്തിൽ ഉണ്ട്. തവളകൾക്ക് അധിവസിക്കാൻ വീടിനു ചുറ്റും ചെറുകുളങ്ങൾ തീർത്തിട്ടുണ്ട്. മീൻ വളർത്തലും കോഴിവളർത്തലുമൊക്കെയായി ബുൾബേന്ദ്രന്റെ ഭാര്യ സുജാതയും ഭർത്താവിന്റെ പരിസ്ഥിതി സ്‌നേഹത്തിന് പിന്തുണ നൽകുന്നു. പുരയിടത്തിന് നടുവിൽ തയ്യാറാക്കിയിട്ടുള്ള ചെറിയ ഏറുമാടം ഭംഗികൂട്ടുന്നു. വികസനത്തിന്റെ പേരുപറഞ്ഞ് മരം മുറിക്കാൻ തിരക്കുകൂട്ടുമ്പോൾ ഗ്രീൻ കെയർ കേരളയുടെ ജില്ലാ ജനറൽസെക്രട്ടറി കൂടിയായ ബുൾബേന്ദ്രൻ സമൂഹത്തിന് നൽകുന്ന സന്ദേശം ചെറുതല്ല.