കാഞ്ഞാർ: ഒരു വർഷം മുമ്പ് കാറ്റിൽ നിലംപതിച്ച മങ്കൊമ്പ് കാവിനു സമീപത്തെ വലിയ ആൽമരത്തിന് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ക്ഷേത്ര പൂജാരി കണ്ണനാണ് തീ ആളിപടരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ കാഞ്ഞാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസിൽ നിന്ന് മൂലമറ്റം അഗ്നി രക്ഷാ സേനയ്ക്ക് വിവരം കൈമാറി. അഗ്നി രക്ഷാ സേനാഗംങ്ങൾ രണ്ടര മണിക്കൂർ പണിപ്പെട്ടാണ് തീ കെടുത്തിയത്. അകം പൊള്ളയായിരുന്ന വലിയ ആൽമരത്തിന്റെ ഉള്ളിലേക്ക് തീ പടർന്നിരുന്നു. വിവരമറിഞ്ഞ് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സംഭവസ്ഥലത്ത് എത്തിയത്. സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സാധിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. അഗ്നി രക്ഷാ സേനയെ സഹായിക്കാൻ കാഞ്ഞാർ പൊലീസും സ്ഥലത്തെത്തിയിരുന്നു.