മറയൂർ: ശബരിമല- പഴനി തീർത്ഥാടന പാതയിൽ മറയൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ റോഡിലേക്ക് തള്ളി നിൽക്കുന്ന മരത്തിലിടിച്ച വിനോദ സഞ്ചാരികളുടെ കാർ അപകടത്തിൽപ്പെട്ടു. ബംഗ്ളൂരുവിൽ ജോലി ചെയ്തു വരുന്ന തമിഴ്നാട് അവിനാശി സ്വദേശി അരവിന്ദും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒന്നരയോടെയാണ് അപകടം നടന്നത്. കാറിന്റെ ഉടമ രാജേഷ് ഉൾപ്പെടെ അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും സാരമായി പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം ന്യൂബംഗ്ളൂരുവിൽ നിന്ന് പുറപ്പെട്ട് മൂന്നാറിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവർക്ക് പ്രദേശവാസികൾ പ്രാഥമിക പരിചരണവും സാഹായവും നൽകി. മൂന്നാർ- മറയൂർ പാത റോഡ് നവീകരിച്ച് പണി നടക്കുന്നുണ്ടെങ്കിലും കൊടുവളവുകളിൽ ഉൾപ്പെടെ മരങ്ങൾ റോഡിലേക്ക് കയറി നിൽക്കുന്നുണ്ട്. റോഡിന്റെ നിലവാരം വർദ്ധിച്ചതോടെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനായി മുന്നറിയിപ്പ് ബോഡുകളോ റോഡിൽ വേഗത നിയന്ത്രിക്കുന്നതിനായി വേഗ തടയണയോ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു. ഈ അപകടം നടന്ന ശേഷം മണിക്കൂറുകൾക്കുള്ളിൽ തമിഴ്നാട് സ്വദേശികളുടെ ഐ 20 കാറും അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. വാഹനത്തിന് കേടുപാട് പറ്റിയെങ്കിലും പരിക്കേൽക്കാത്തതിനാൽ വാഹനം ഓടിച്ച് പോയതായി മറയൂർ പൊലീസ് അറിയിച്ചു.