kk
വഴിയോരത്ത് വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന വാഹനങ്ങളിൽ ഒന്ന്‌

രാജാക്കാട്: പാതയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ ഗതാഗത തടസവും മലിനീകരണവും സൃഷ്ടിക്കുന്നു. ദേശീയ- സംസ്ഥാന പാതകൾക്ക് പുറമെ വീതി കുറഞ്ഞ ഗ്രാമീണ റോഡുകളുടെ വശങ്ങളിലും തുരുമ്പുകയറിയും മാലിന്യങ്ങൾ നിറഞ്ഞും നിരവധി വാഹനങ്ങളാണ് കിടക്കുന്നത്. അപകടം സംഭവിച്ചതും കാലഹരണപ്പെട്ടതുമായ വണ്ടികളാണ് ഇവയിലേറെയും. മിക്കവയും ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും സങ്കേതമായി മാറി. ഇത് കാൽനടക്കാരുടെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തുകയാണ്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ വീതിയുള്ള ഗ്രാമീണ പാതകളിൽ ഇവ കടുത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. എതിരെ നിന്ന് വാഹനങ്ങൾ വരുന്നത് കാണാൻ കഴിയാത്ത വിധം കൊടും വളവുകളിൽ കാട്ടുചെടികളും വള്ളിപ്പടർപ്പുകളും വളർന്ന് കയറി മൂടിക്കിടക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഉടമകളെ കണ്ടെത്തി ഇവ നീക്കം ചെയ്യിക്കുകയോ ഉടമകൾ ഇല്ലാത്തവ പഞ്ചായത്തുകൾ പിടിച്ചെടുത്ത് ലേലം ചെയ്യുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.