വണ്ടിപ്പെരിയാർ: കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽക്കുന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. പശുമല എസ്റ്റേറ്റിൽ താമസിക്കുന്ന വേൽമുരുകനെയാണ് (43) വണ്ടിപ്പെരിയാർ എസ്.ഐ ആർ. രാജേഷും സംഘവും പിടികൂടിയത്. ഇയാൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മഫ്തിയിലെത്തിയ പൊലീസ് കഞ്ചാവ് വിൽക്കുകയായിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. പരിശോധനയിൽ വിൽപ്പനയ്ക്ക് പൊതികളായി സൂക്ഷിച്ചിരുന്ന 110 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീടുകളിൽ എത്തിച്ചു കൊടുത്തായിരുന്നു ഇയാളുടെ വിൽപ്പന.