നെടുങ്കണ്ടം: ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ വികസനം ഫ്ളക്സിൽ ഒതുങ്ങുന്ന കാഴ്ചയാണെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. ഇടുക്കി പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുഭരണത്തിൽ ഇടുക്കിയിലെ കർഷകർ കബളിപ്പിക്കപ്പെടുകയാണ്. കസ്തൂരിരംഗൻ വിഷയത്തിൽ കർഷകരെ ആശങ്കയുടെ മുൾമുനയിൽ നിറുത്തിയാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി സർക്കാർ ചെയ്തതല്ലാതെ മറ്റൊന്നും ചെയ്യാൻ ഈ സർക്കാരിന് കഴിഞ്ഞില്ല. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഉണ്ടായി നിരവധി ജീവനുകൾ നഷ്ടപ്പെടുകയും വീടും കൃഷിഭൂമിയും നഷ്ടപ്പെടുകയും ചെയ്തിട്ടും ഇവർക്ക് നഷ്ടപരിഹാരം കൊടുത്തുതീർക്കുവാൻ സർക്കാരിന് കഴിഞ്ഞില്ല. പ്രളയത്തെ തുടർന്ന് കൃഷിനാശം നേരിട്ട് എട്ട് കർഷകർ ആത്മഹത്യ ചെയ്തിട്ടും കടങ്ങൾ എഴുതിത്തള്ളാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടുമ്പൻചോല എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജിൻസൺ വർക്കി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം ആഗസ്തി, റോയി കെ പൗലോസ്, ജോയി തോമസ്, എസ് അശോകൻ, മാത്യു കുഴൽനാടൻ, എം.എസ് മുഹമ്മദ്, സുരേഷ് ബാബു, മാർട്ടിൻ മാണി, എം.ജെ ജേക്കബ്, ജോസ് പാലത്തിനാൽ, പി.എസ് യൂനുസ്, ജോസ് ചിറ്റടി, രാജു എടത്വാ, മോളി മൈക്കിൾ, എം.എസ് ഷാജി, ആർ ബാലൻപിള്ള, കൊച്ചുത്രേസ്യാ പൗലോസ്, എം.എൻ ഗോപി, കെ.ആർ സുകുമാരൻ നായർ, ജോയി വെട്ടിക്കുഴി, സേനാപതി വേണു, ജി മുരളീധരൻ, എം.പി ജോസ്, സി.എസ് യശോധരൻ, വൈ.സി സ്റ്റീഫൻ, ഷാജി പുള്ളോലിൽ, ബെന്നി തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.