ഇടുക്കി: മണ്ഡലത്തിലെ വികസന മുന്നേറ്റം തുടരാനാണ് ജനങ്ങൾ ഇത്തവണ വോട്ട് ചെയ്യേണ്ടതെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. ഇടുക്കി, കോതമംഗലം മേഖലകളിൽ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷവും ജനങ്ങളേൽപ്പിച്ച ഉത്തരവാദിത്വം പത്തരമാറ്റ് വിശുദ്ധിയോടെ പൂർത്തീകരിക്കാൻ കഴിഞ്ഞതാണ് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ആത്മവിശ്വാസം. എം.പി സ്ഥാനം പദവിയായോ അലങ്കാരമായോ കാണാതെ ഉത്തരവാദിത്വമായാണ് കണ്ടിട്ടുള്ളത്. 4750 കോടി രൂപയുടെ വികസനം പൊരുതി നേടിയതാണ്. ഓരോ ഫയലുകൾക്കും പിന്നാലെ മനസും ഹൃദയവും സമർപ്പിച്ചാണ് ത്വരിതഗതിയിൽ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയത്. കേന്ദ്ര സർക്കാരിന്റെ മാത്രമല്ല സംസ്ഥാന സർക്കാരിലിടപെട്ടും വികസന രംഗത്ത് പ്രവർത്തിക്കാനായി. സംസ്ഥാന സർക്കാർ വലിയ പിന്തുണയാണ് ഇക്കാര്യത്തിൽ നൽകിയിട്ടുള്ളത്. ദേശീയപാതാ വികസന രംഗത്ത് കുതിച്ചു ചാട്ടമാണ് ഉണ്ടായത്. കേന്ദ്രാനുമതി ലഭിച്ച 2200 കോടിയുടെ പളനി ശബരിമല തീർത്ഥാടന ഹൈവേയും ശബരി റെയിൽപാതയും യാഥാർത്ഥ്യമാക്കുന്നതിനാണ് ഇനി മുൻഗണന നൽകുന്നത്. പദ്ധതി ചെലവിന്റെ പകുതി 1408 കോടി സംസ്ഥാനം വഹിക്കാമെന്ന് കേന്ദ്രത്തെ അറിയിച്ച സാഹചര്യത്തിൽ പദ്ധതി ഉടൻ തന്നെ പൂർത്തിയാക്കാനാകും. ഇപ്പോൾ ചെയ്തതിനേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇനിയും ചെയ്യാൻ കഴിയും. കഴിഞ്ഞ അഞ്ച് വർഷത്തെ അനുഭവ സമ്പത്തും പരിചയവും ഇക്കാര്യത്തിൽ മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി, കോതമംഗലം മേഖലകളിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഞായറാഴ്ച ജോയ്സ് ജോർജിന്റെ പ്രവർത്തനം. വിവിധ സ്ഥാപനങ്ങളിലെത്തി ഉടമകളെയും ജീവനക്കാരെയും കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.

മൂന്നാംഘട്ട പര്യനത്തിന് നാളെ തുടക്കം

ജോയ്സിന്റെ മൂന്നാംഘട്ട പര്യടനത്തിന് ചൊവ്വാഴ്ച തുടക്കമാകും. കോതമംഗലം മണ്ഡലത്തിൽ നിന്നാണ് പൊതുപര്യടനത്തിന് തുടക്കം കുറിക്കുന്നത്. രാവിലെ ഏഴിന് കോട്ടപ്പടി പഞ്ചായത്തിൽ മന്ത്രി എം.എം. മണി പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. ആന്റണി ജോൺ എം.എൽ.എ, പാർലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ.കെ. ശിവരാമൻ, ഗോപി കോട്ടമുറിക്കൽ, കെ.കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും. കോട്ടപ്പടി, പിണ്ടിമന, നെല്ലിക്കുഴി പഞ്ചായത്തുകളിലാണ് പര്യടനം. ബുധനാഴ്ച തൊടുപുഴ മണ്ഡലത്തിൽ പര്യടനം നടത്തും. തൊമ്മൻകുത്തിൽ നിന്നാണ് തുടക്കം. വണ്ണപ്പുറം, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകളിലാണ് പര്യടനം നടത്തുക.

ജോയ്സ് ജോർജ് വ്യാഴാഴ്ച പത്രിക നൽകും

ഇടുക്കി: ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയോടെ മത്സരിക്കുന്ന എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് വ്യാഴാഴ്ച നാമനിർദ്ദേശപത്രിക നൽകും. രാവിലെ പൈനാവിൽ സി.പി.ഐ ജില്ലാ കമ്മറ്റി ഓഫീസിൽ നിന്ന് എൽ.ഡി.എഫിന്റെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പ്രവർത്തകരോടൊപ്പമെത്തി പത്രിക സമർപ്പിക്കും.