രാജാക്കാട്: സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടിയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടംഗ സംഘത്തെയും സ്ഥിരമായി ഉപയോഗിക്കുന്ന നാല് യുവാക്കളെയും ശാന്തമ്പാറ പൊലീസ് പിടികൂടി. 17 കഞ്ചാവ് പൊതികളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പൂപ്പാറ കുന്നത്ത് ഉല്ലാസ് (19), ഡ്രാബൽ കോളനി നിവാസി രാജേഷ് (24) എന്നിവരെയാണ് വിൽപ്പനയ്ക്കിടെ കഞ്ചാവ് പൊതികളുമായി ഇൻസ്‌പെക്ടർ ഒഫ് പൊലീസ് എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നുള്ള ഉണക്ക കഞ്ചാവ് അതിർത്തി കടത്തി ജില്ലയിലെ വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് വ്യാപകമായി വിൽപ്പന നടത്തുന്നെന്ന വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സ്റ്റേഷൻ പരിധിയിൽ പരിശോധന കർക്കശമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ നടത്തിയ റെയ്ഡിൽ പൂപ്പാറ ഗവ. കോളേജ് പരിസരത്ത് നിന്ന് ഇരുവരെയും കഞ്ചാവ് പൊതികളുമായി പിടികൂടുകയായിരുന്നു. വിദ്യാർത്ഥികൾക്ക് വിൽക്കാൻ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്ന യുവാക്കളുടെ വിവരം ലഭിച്ചിരുന്നു. ഇവരിൽ പലരും വിൽപ്പന സംഘത്തിലെ കണ്ണികളാണെന്നും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൂപ്പാറ ചേറാടിയിൽ കുമാർ(22), പുത്തൻപുരയ്ക്കൽ ചന്ദ്രശേഖരൻ (22), എച്ച്.എം.എൽ കോളനി നിവാസി ഇസൈക്കിരാജ(23), മനയ്ക്കൽ സുബിൻ (18) എന്നിവരെയും കസ്റ്റഡിയിലെടുത്തു. നിരന്തരമായ ഉപയോഗം മൂലം കഞ്ചാവിന് അടിമകളായി മാറിയ ഇവരെ എക്‌സൈസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മുക്തി ക്യാമ്പിലേയ്ക്ക് മാറ്റി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധനകളിൽ എ.എസ്.ഐ ജോർജ്ജ് കുര്യൻ, സി.പി.ഒമാരായ ചന്ദ്രബോസ്, നിബിൻ, അനീഷ്, അൻവർ, അനീഷ് രാജു എന്നിവരും പങ്കെടുത്തു.