മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നീലകുറിഞ്ഞി പൂത്ത ഒള്ളവയൽ മലനിരകളിൽ പടർന്ന കാട്ടുതീയിൽ ലക്ഷങ്ങളുടെ നഷ്ടം. വിലമതിക്കാനാവത്ത നീലക്കുറിഞ്ഞി ചെടികൾ വ്യാപകമായി കത്തി നശിച്ചു. മുന്നൂർ ഏക്കറിലധികം കൃഷിയും വനഭൂമിയും കത്തിനശിച്ചു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായിരുന്ന പെരടി പള്ളം സ്വദേശികളായ ചെല്ലയ്യയുടെ ഭാര്യ കൃഷ്ണമ്മാൾ, മക്കൾ മുനിയാണ്ടി, മുൻ പഞ്ചായത്തംഗം പൊന്നു സ്വാമി, രാമത്തായ്, ഇരുളപ്പൻ എന്നിവരുടെ 30 ഏക്കറിലെ കൃഷി പൂർണമായി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ഏലം, കുരുമുകളക്, വാറ്റുപുല്ല് എന്നിവ കത്തിനശിച്ചു. ഇവരുടെ പുൽതൈല ഉത്പാദന കേന്ദ്രവും കത്തിനശിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്റെയും കാന്തല്ലൂർ റേഞ്ചിന്റെയും അതിർത്തി മലനിരകളിലാണ് തീ ആളിപ്പടർന്നത്. പെരടി പള്ളം അഞ്ചു വീട് ഭാഗത്ത് ആരോ മനപ്പൂർവം വച്ച തീയാണ് ഒള്ളവയൽ മലനിരകളിലേക്ക് പടർന്നത്. വനം വകുപ്പ് ഉദ്യോസ്ഥരും ഗ്രാമവാസികളും തീയണയ്ക്കാൻ ഭഗീരഥപ്രയത്നം നടത്തിയെങ്കിലും സാധിച്ചില്ല. ശിവ ബന്തിയിലും പാമ്പൻപാറയിലും കാട്ടുതീ നിയന്ത്രണമില്ലാതെ പടരുകയാണ്.