kk
സോളാർ പവർ പ്ലാന്റിന് സമീപം തീ കെടുത്തുന്നു

മറയൂർ: ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ പ്ലാന്റ് കാട്ടു തീയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. മറയൂർ പഞ്ചായത്തിലെ പുറവയൽ ഗോത്രവർഗ കോളനി നിവാസികളുടെ സമയോചിതമായ ഇടപ്പെടൽമൂലം പ്ലാന്റിലേക്ക് തീ പടർന്നില്ല. പ്ലാന്റിന്റെ മൂന്നു വശവും ഒരടി അകലെ വരെ തീ പടർന്നിരുന്നു. മറയൂർ റേഞ്ചിന്റെയും ചിന്നാർ വന്യജീവി സങ്കേതത്തിന്റെയും അതിർത്തിയിൽ കരിമൂട്ടി ഭാഗത്താണ് തീ ആദ്യം പടർന്നത്. കടുത്ത വേനലിൽ വനമേഖല വരണ്ട് ഉണങ്ങി കിടക്കുന്നതിനാൽ തീ പെട്ടെന്ന് പടർന്ന് രണ്ടു കിലോമീറ്റർ അകലെ പുറവയലിൽ എത്തുകയായിരുന്നു. ഞായറാഴ്ച ആയതിനാൽ കുടിയിലുള്ള ഭൂരിഭാഗം ജനവും മറയൂർ ടൗണിൽ പലചരക്ക് സാധനങ്ങൾ വാങ്ങാനായി പോയിരിക്കുകയായിരുന്നു. കുടിയിലുണ്ടായിരുന്ന പ്ലാന്റ് ഓപ്പറേറ്റർ ഇ.കെ. വിഷ്ണു ദേവ്, വേലൻ, ഭാര്യ നീല, മുരുകമ്മ രാജു, പാണ്ടിയമ്മ, പർവ്വതി എന്നിവരാണ് തീ പ്ലാന്റിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കിയത്. പ്ലാന്റിലുണ്ടായിരുന്ന തീയണപ്പു ഉപകരണങ്ങളും കുടിയിലെ ടാങ്കിൽ നിന്നുമുള്ള വെള്ളവും ഉപയോഗിച്ചാണ് തീ നിയന്ത്രിച്ചത്. അതേസമയം സമീപത്തെ വനമേഖലയിൽ തീ പടർന്ന് പിടിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ത്യയിൽ ആദ്യത്തെ പദ്ധതി

കേന്ദ്ര സർക്കാരിന്റെ കീഴിൽ മിഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം സി. ഡാക്കും അനേർട്ടും സംയുക്തമായിട്ടാണ് പുറവയലിൽ ചിലവിൽ റിനവബിൾ എനർജി മൈക്രോ ഗ്രിഡ് പ്രോജക്ട് സ്ഥാപിച്ചത്. 20 കുടുംബങ്ങൾക്ക് ആവശ്യമുള്ള മുഴുവൻ വൈദ്യുതിയും സ്ട്രീറ്റ് ലൈറ്റും ഇവിടെ നിന്ന് ലഭിക്കും. ഇന്ത്യയിൽ ആദ്യത്തെ പരീക്ഷണ പദ്ധതിയായിരുന്നു ഇത്.