തൊടുപുഴ: ചൂട് ക്രമാതീതമായി കൂടിയതിനെ തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ പുറം ജോലികൾ നിറുത്തിവെയ്ക്കണമെന്ന് സർക്കാർ ഉത്തരവുള്ളതാണ്. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന ധാർഷ്ഠ്യത്തിൽ നട്ടുച്ചയ്ക്ക് തൊഴിലാളികളെ പണിയെടുപ്പിച്ച കെ.എസ്.ഇ.ബിയ്ക്ക് ലേബർ ഓഫീസറുടെ വക മുട്ടൻ പണി. തൊടുപുഴയിൽ ഐ.പി.ഡി.എസ് (ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്‌കീം) പദ്ധതിയുടെ ഭാഗമായി കേബിൾ വലിക്കുന്ന ജോലികൾ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ നടന്നുവരുകയാണ്. അന്യ സംസ്ഥാന തൊഴിലാളികളടക്കമുള്ളവരാണ് പണികൾ ചെയ്യുന്നത്. പകൽ ചൂടിൽ ജോലികൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയുള്ള ജോലികൾ നിറുത്തിവെയ്ക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ വി.കെ. നവാസ് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഇന്നലെ പകൽ തൊടുപുഴ ഇടുക്കി റോഡിൽ പണികൾ തുടർന്നു. വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ ലേബർ ഓഫീസറുടെ നിർദ്ദേശപ്രകാരം അസി. ലേബർ ഓഫീസർ ബെന്നി പി.കെ നേരിട്ട് സ്ഥലത്തെത്തി ജോലികൾ നിറുത്തിവയ്പ്പിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതി മാർച്ച് 31നകം പൂർത്തിയാക്കിയില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്നതിനാലാണ് വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം.

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം

മുന്നറിയിപ്പ് നൽകാതെ ഇന്നലെ രാവിലെ 8.30 മുതൽ തൊടുപുഴ ടൗൺ മേഖലയിൽ കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചു. പകൽ ചൂടിൽ വെന്തുരുകിയ നഗരവാസികൾ വൈദ്യുതിയില്ലാതെ ഏറെ ബുദ്ധിമുട്ടി. രാത്രി എട്ട് മണിയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.