ഇടുക്കി: സംസ്ഥാനം കടുത്ത സാമ്പത്തിക പരാധീനതയിൽ ചക്രശ്വാസം വലിക്കുമ്പോൾ ജീവനക്കാർക്ക് പാരിതോഷികം നൽകിയും വിനോദയാത്ര സംഘടിപ്പിച്ചും വനംവകുപ്പിൽ ലക്ഷങ്ങളുടെ ധൂർത്ത്. സർക്കാർ ബോഡിയായി പ്രവർത്തിക്കുന്ന തേക്കടി പെരിയാർ കടുവ സംരക്ഷണ ഫൗണ്ടേഷനാണ് (പി.ടി.സി.എഫ്) ബെല്ലും ബ്രേക്കുമില്ലാതെ പണം ചെലവഴിക്കുന്നത്. 1997ൽ ലോകബാങ്ക് സഹായത്തോടെ പെരിയാർ കടുവ സങ്കേതത്തിൽ ആരംഭിച്ച ഇന്ത്യ ഇക്കോ ഡെവലപ്മെന്റ് പദ്ധതിയുടെ തുടർച്ചയായാണ് പെരിയാർ കടുവ സംരക്ഷണ ഫൗണ്ടേഷൻ രൂപീകരിച്ചത്.
കഴിഞ്ഞ മാസം തേക്കടി വനംവകുപ്പ് ഓഫീസിലെ ദിവസ വേതനക്കാർ ഉൾപ്പെടെ 72 പേർക്ക് ആളൊന്നിന് 5250 രൂപവീതം വിലവരുന്ന ബാഗ്, ഷൂസ് എന്നിവ കട്ടപ്പനയിലെ ഒരു കടയിൽ നിന്ന് വാങ്ങി സമ്മാനിച്ചു. ഇതിനു പുറമേ 50 ജീവനക്കാർക്ക് ഹൈദരാബാദിലെ റാമോജി റാവു ഫിലിംസിറ്റി ഉൾപ്പെടെ സന്ദർശിക്കുന്നതിന് ഏഴ് ദിവസത്തെ വിനോദയാത്രയും സംഘടിപ്പിച്ചിരിക്കുകയാണ്. അടുത്ത മാസം 12 നാണ് യാത്ര. തേക്കടിയിൽ നിന്ന് ടൂറിസ്റ്റ് ബസിൽ നെടുമ്പാശേരിയിലും അവിടെ നിന്ന് വിമാന മാർഗം ഹൈദരാബാദിലും പോയി മടങ്ങിവരുന്നതിനുള്ള മുഴുവൻ ചെലവും പി.ടി.സി.എഫാണ് വഹിക്കുന്നത്.
ബാഗും ഷൂസും വാങ്ങിയ കടയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മാറി മാറി കമ്മിഷൻ കൈപ്പറ്റാൻ ശ്രമിച്ചതോടെയാണ് ഇടപാട് പുത്തായത്. വിവരാവകാശ പ്രകാരം വിനോദ യാത്രയുടെ വിവരമറിഞ്ഞ കുമളി സ്വദേശി സജിമോൻ സലിം ധൂർത്ത് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ വിനോദ സഞ്ചാരത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി മുന്നേറുകയുമാണ്.
കോടികൾ ബാങ്കിലിട്ട് തോന്നും പടി
തേക്കടിയിൽ വനംവകുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ഇക്കോടൂറിസം പരിപാടികളിലൂടെ ലഭിക്കുന്നതും തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് പിരിക്കുന്ന പ്രവേശനഫീസും ഉൾപ്പെടെ കോടികളാണ് ഫൗണ്ടേഷന്റെ വരുമാനം. 2017ൽ 8.89 കോടിയും, 2018ൽ 9.08 കോടിരൂപയുമാണ് ഫൗണ്ടേഷന് ലഭിച്ചത്. ഈ തുക ട്രഷറിയിൽ നിക്ഷേപിച്ച് സർക്കാർ ഉത്തരവിലൂടെയാണ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടത്. എന്നാൽ, ബാങ്ക് അക്കൗണ്ടിലിട്ട് ഗവേണിംഗ് ബോഡി നേരിട്ട് ചെലവഴിക്കുകയാണ്. 2017, 2018 വർഷങ്ങളിലെ ആഡിറ്റ് റിപ്പോർട്ടുകളിൽ തേക്കടിയിലെ ഉദ്യോഗസ്ഥർ ഈ അക്കൗണ്ടുകളിൽ നിന്ന് 'ലോൺ' എന്ന പേരിൽ വൻ തുക കൈകാര്യം ചെയ്തതായി പറയുന്നുണ്ട്. കഴിഞ്ഞ വർഷം ഇ.എസ്. ബിജിമോൾ എം.എൽ.എയുടെ സഹോദരി പ്രസിഡന്റായിട്ടുള്ള ഒരു സംഘടനയ്ക്ക് 15 ലക്ഷം രൂപ ഈ ഫണ്ടിൽ നിന്ന് അനുവദിച്ചെങ്കിലും വിവാദമായതോടെ മരവിപ്പിച്ചിരുന്നു.