shaji
ഷാജി ( ഇടത്തുനിന്ന് രണ്ടാമത് ഇരിക്കുന്ന ആൾ) തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ

ഇടുക്കി: നക്ഷത്ര ആമ കച്ചവടവത്തിലെ പ്രധാനപ്രതി പൊതുവേദികളിൽ നിറഞ്ഞുനിന്നിട്ടും വനംവകുപ്പിന്റെ കണ്ണിൽപ്പെടുന്നില്ല. കഴിഞ്ഞദിവസം കട്ടപ്പനയിൽ നിന്ന് പിടിയിലായ പ്രതികളെ നാല് ലക്ഷം രൂപയ്ക്ക് ആമയെ വിൽക്കാൻ ചുമതലപ്പെടുത്തിയെന്ന് പറയപ്പെടുന്ന വാഗമൺ വട്ടപ്പതാൽ സ്വദേശി കുറ്റിക്കാട്ടിൽ ഷാജി കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ കട്ടപ്പന കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ ആറാം പ്രതിയാണ്. എന്നാൽ പ്രതി സ്ഥലത്തില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം വാഗമണിൽ നടന്ന ഇടതുപക്ഷ മുന്നണിയുടെ മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ രണ്ട് മണിക്കൂറോളം ഷാജി പങ്കെടുത്തിരുന്നു. സി.പി.ഐയുടെ പ്രാദേശിക നേതാവും റിയൽ എസ്റ്റേറ്റ്, റിസോർട്ട് മേഖലകളിൽ നിറസാന്നിദ്ധ്യവുമായ പ്രതിക്കുവേണ്ടി ഭരണകക്ഷിയിലെ പ്രമുഖ നേതാക്കൾ ഇടപെട്ടതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് സൂചന. പെരുമ്പാവൂർ സ്വദേശി കെ.എം. മോഹനൻ, കൊട്ടാരക്കര വെണ്ടാർ സ്വദേശി ലാലു, ഉപ്പുതറ സ്വദേശികളായ ജയിസൺ ജോസഫ്, മുത്തുരാജ്, മോഹനൻ എന്നിവരാണ് കേസിൽ അറസ്റ്റിലായ പ്രതികൾ. ഇവർ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഒരു നക്ഷത്ര ആമയെയും വനപാലകർ പിടിച്ചെടുത്തിരുന്നു. ഷാജിയാണ് ആമയെ വിൽക്കാൻ ഏൽപ്പിച്ചതെന്ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ വാഗമണ്ണിലെ റിസോർട്ടിലാണ് ആമയെ സൂക്ഷിച്ചിരുന്നതെന്നും പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റിസോർട്ടിൽ പരിശോധന നടത്തി ആമയെ വളർത്തിയ ടാങ്ക് കണ്ടെത്തിയെങ്കിലും ഉന്നതരാഷ്ട്രിയ ഇടപെടൽ മൂലം അറസ്റ്റു ചെയ്തില്ല.

ഗുരുതര കുറ്റം

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമകളെ പിടിക്കുന്നതും വിപണനം നടത്തുന്നതും ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റകരമാണ്. അന്ധവിശ്വാസത്തിന്റെ പേരിലാണ് ആമ വ്യാപാരം നടക്കുന്നത്. വിദേശ മാർക്കറ്റുകളിൽ മോഹവിലയുള്ള ഇന്ത്യൻ നക്ഷത്ര ആമകളെ കയറ്റി അയക്കുന്ന അന്താരാഷ്ട്ര കള്ളക്കടത്തുസംഘങ്ങൾ രാജ്യത്തെ തുറമുഖങ്ങൾ കേന്ദ്രീകരിച്ചും സജീവമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്രയേറെ ഗൗരവമുള്ള കേസിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും പ്രതിയെ പിടികൂടാത്ത നടപടി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.