cardamom
ഉണക്ക് ബാധിച്ച് നശിച്ച ഏലം കൃഷിതോട്ടത്തിൽ കർഷകൻ ജോഷി ചെന്നാക്കുന്നേൽ

രാജാക്കാട്: സുഗന്ധ വിളകളുടെ റാണിയായ ഏലം അസാധാരണമായ വേനൽച്ചൂടിൽ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. ബാങ്ക് വായ്പ എടുത്തും പലിശയ്ക്ക് വാങ്ങിയും കൃഷിക്കായി ലക്ഷങ്ങൾ മുടക്കിയ കർഷകരുടെ ജീവിതം ഇതോടെ സുഗന്ധം നഷ്ടപ്പെട്ട് കടുത്ത പ്രതിസന്ധിയിലായി. ഇലകളും തണ്ടും വാടിക്കരിയുന്നതിനൊപ്പം ശരങ്ങളും ഉണങ്ങി പോകുന്നതിനാൽ വരും വർഷങ്ങളിലും യാതൊരു വരുമാനവും ലഭിക്കാത്ത സ്ഥിതിയുണ്ടാകും. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയിട്ടുളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കൃഷിച്ചെലവുകൾക്കും വായ്പാ തിരിച്ചടവിനും പണം കണ്ടെത്തുന്നതിന് പുറമേ പാട്ടത്തുക കൂടി എങ്ങനെ സംഘടിപ്പിക്കുമെന്ന് അറിയാതെ വലയുകയാണ് ഇവർ. ചൂടിനെ അതിജീവിച്ച് നിൽക്കുന്ന ചെടികളിൽ കീടങ്ങൾ കൂട്ടത്തോടെ ചേക്കേറുന്നതും കുമിൾ ബാധയും സ്ഥിതി ഗുരുതരമാക്കുന്നു. ഏലക്കായ്ക്ക് കലോഗ്രാമിന് നിലവിൽ 1500 രൂപയോളം വിലയുണ്ടെങ്കിലും അതിന്റെ പ്രയോജനം സാധാരണ കർഷകന് ലഭിയ്ക്കുന്നില്ല. ശരങ്ങളും കായ്കളും ഉണങ്ങി പോയതിനാൽ വേനൽക്കാലത്ത് സാധാരണ ലഭിയ്ക്കാറുണ്ടായിരുന്ന വിളവെടുപ്പ് ഇത്തവണയുണ്ടായില്ല. ഉണക്ക് ബാധിച്ച് നശിച്ച ചെടികൾ ചുവടെ പിഴുതു മാറ്റി നിലമൊരുക്കി കാലവർഷാരഭത്തിൽ പുതിയ കൃഷിയിറക്കുക മാത്രമാണ് കർഷകർക്ക് മുന്നിലുള്ള മാർഗം. എന്നാൽ ഇതിനു വേണ്ടിവരുന്ന ചെലവ് മിക്കവർക്ക് താങ്ങാൻ പറ്റുന്നതല്ല. കാലാവസ്ഥ അനുകൂലമായാൽ പോലും റീ പ്ലാന്റ് ചെയ്തവയിൽ നിന്ന് വിളവ് ലഭിയ്ക്കാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലും വേണ്ടിവരും.

ചെറുകിട ഇടത്തരം കർഷകരുടെ പ്രധാന വരുമാനമാർഗമാണ് ഏലം. പത്ത് ചുവട് ചെടിയെങ്കിലും ഇല്ലാത്ത വീട് മലയോര മേഖലയിൽ ഇല്ലെന്ന് പറയാം. വൻകിട തോട്ടങ്ങളിൽ പണിയെടുത്ത് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് പേർ വേറെയുമുണ്ട്. ഓഖി ചുഴലിക്കാറ്റിലും തുടർന്ന് വന്ന പ്രളയത്തിലും നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി നശിച്ചിരുന്നു. ഇവയെ അതിജീവിച്ചവയും പുനഃർ കൃഷി നടത്തിയവയുമാണ് ചൂട് താങ്ങാനാകാതെ കരിഞ്ഞുണങ്ങുന്നത്.

നനയ്ക്കാൻ വെള്ളമില്ല

പുഴകളും തോടുകളും കുളങ്ങളും ഉൾപ്പെടെയുള്ളവ വറ്റിയതിനാൽ നനയ്ക്കാൻ വെള്ളമില്ലാത്ത സ്ഥിതിയാണ്. പതിനായിരങ്ങൾ മുടക്കി സ്ഥാപിച്ച ഡ്രിപ്പ് ഇറിഗേഷൻ ഉൾപ്പെടെയുള്ള ജലസേചന സംവിധാനങ്ങൾ പോലും പാഴായി. വൻ വിലമുടക്കി തണൽ വലകൾ വാങ്ങി വലിച്ചുകെട്ടിയിട്ടും ചൂടിനെ തടുക്കാൻ കഴിയുന്നില്ല.