post
അപകട ഭീഷണിയായ വൈദ്യുതി പോസ്റ്റ്

അടിമാലി: അടിമാലി അപ്‌സരകുന്ന് കുരങ്ങാട്ടി റോഡിന് സമീപത്ത് നിൽക്കുന്ന വൈദ്യുതി പോസ്റ്റ് യാത്രക്കാർക്ക് അപകട ഭീഷണിയായി മാറുന്നു. പോസ്റ്റിന് ചുവട്ടിലെ മണ്ണൊലിച്ച് പോയതിനെ തുടർന്ന് ഏത് നിമിഷവും നിലപതിക്കാവുന്ന അവസ്ഥയിലാണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. അപകടാവസ്ഥ വൈദ്യുതി വകുപ്പ് ജീവനക്കാരെ അറിയിച്ചിട്ടും പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനോ അപകട ഭീഷണി ഒഴിവാക്കുന്നതിനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആക്ഷേപം. ദിവസേന പോസ്റ്റ് കൂടുതലായി റോഡിലേക്ക് ചെരിഞ്ഞ് വരുന്നുവെന്നും നാട്ടുകാർ പറയുന്നു. അടിമാലി അപ്‌സരകുന്ന് കുരങ്ങാട്ടി റോഡിലൂടെ ആട്ടോറിക്ഷകളും ബൈക്കുകളുമടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി കടന്നു പോകുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാരും അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൈദ്യുതി പോസ്റ്റിന് ചുവട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ പോസ്റ്റ് മാറ്റി സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.