തൊടുപുഴ: തുടർച്ചയായ രണ്ടാം വർഷവും പദ്ധതി നിർവ്വഹണത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ചരിത്ര നേട്ടം. 2018- 19 വർഷത്തിൽ പദ്ധതി നിർവ്വഹണത്തിൽ നൂറു ശതമാനം നേട്ടം കൈവരിച്ചത് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പേയാണെന്ന പ്രത്യേകതയുമുണ്ട്. വികസന പ്രവർത്തനങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ് 2018- 19 സാമ്പത്തിക വർഷം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നവീകരണം, പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, ബ്ലോക്ക് പഞ്ചായത്തിൽ സോളാർപാനൽ സ്ഥാപിച്ച് വൈദ്യുതി കെ.എസ്.ഇ.ബിയ്ക്ക് നൽകുന്ന പദ്ധതി, വിദഗ്ദ്ധ പാലിയേറ്റീവ് പരിചരണ പദ്ധതി, അംഗൻവാടി കെട്ടിട നിർമ്മാണം, കാൻസർ പരിശോധനാ ക്യാമ്പ്, അംഗ പരിമിതർക്ക് മുച്ചക്ര വാഹനം നൽകൽ, പ്രാദേശിക റോഡുകളുടെ നവീകരണം, ലൈഫ് മിഷൻ പദ്ധതി, പട്ടികജാതി, പട്ടിക വർഗ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, ക്ഷീര കർഷകർക്ക് കാലിത്തീറ്റ, കാർഷിക മേഖലയിൽ ഫലവൃക്ഷത്തൈ, ജാതി തൈകൾ നൽകൽ, മുണ്ടൻമല ടൂറിസം പദ്ധതി, സ്ത്രീകൾക്ക് ഷീ ടോയ്‌ലെറ്റ്, സ്‌കൂളുകളിൽ ലൈബ്രറി, വയോജനങ്ങൾക്ക് കൃത്രിമപ്പല്ല് നൽകുന്ന മന്ദഹാസം പദ്ധതി എന്നിങ്ങനെ വ്യത്യസ്തവും നൂതനവുമായ നിരവധി പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. കഴിഞ്ഞ വർഷവും മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിരുന്നു. സംസ്ഥാനത്ത് തൊടുപുഴയെ കൂടാതെ കുഴൽമന്ദം, ളാലം, എന്നീ ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതി നിർവ്വഹണം പൂർത്തീകരിച്ചത്. ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ബ്ലോക്ക് പഞ്ചായത്തിന് നേട്ടങ്ങൾ കൈവരിക്കാനായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് പറഞ്ഞു.