അടിമാലി: കാത്തിരിപ്പുകൾക്കൊടുവിൽ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ആനവിരട്ടി സർക്കാർ എൽ.പി സ്‌കൂൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. കെട്ടിടത്തിന്റെ കേടുപാടുകൾ പരിഹരിച്ച് അപകട ഭീഷണിയിലായിരുന്ന മൺ തിട്ട ബലപ്പെടുത്തി സംരക്ഷണ ഭിത്തി നിർമ്മിച്ച ശേഷം ഇന്നലെ രാവിലെ മുതലാണ് പ്രവർത്തനമാരംഭിച്ചത്. ഇതുവരെ താത്കാലികമായി ഓടക്കാസിറ്റിയിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത്. പഞ്ചായത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം അദ്ധ്യയനത്തിനായി തുറന്നതെന്ന് ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് പി. സാബു പറഞ്ഞു. ആനവിരട്ടി സ്‌കൂൾ ഉൾപ്പെടെ പ്രളയാനന്തരം ഇടുക്കിയിലെ രണ്ട് വിദ്യാലയങ്ങൾക്കായിരുന്നു തുറന്നു പ്രവർത്തിക്കാനാവാത്ത വിധം കേടുപാടുകൾ സംഭവിച്ചിരുന്നത്. പ്രീപ്രൈമറി വിഭാഗത്തിൽ 33 കുട്ടികളും ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ 47 കുട്ടികളുമാണ് ആനവിരട്ടിയിൽ പഠിക്കുന്നത്. കെട്ടിടത്തിന്റെ കേടുപാടുകൾ പരിഹരിച്ചിട്ടും വിദ്യാലയം തുറന്ന് പ്രവർത്തിക്കാൻ വൈകുന്നതിൽ മാതാപിതാക്കൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ഇനിയും സ്‌കൂൾ കെട്ടിടം തുറക്കുന്നതു വൈകിയാൽ വലിയ തോതിൽ കുട്ടികൾ കൊഴിഞ്ഞ് പോകാൻ സാധ്യതയുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മധ്യവേനലധി പ്രമാണിച്ച് വിദ്യാലയം അടക്കും മുമ്പെ പഴയ കെട്ടിടം തുറന്ന് നൽകിയത്.