തൊടുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് നടക്കുന്നതായി യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും ആരോപിച്ചു.

പട്ടികയിൽ പുതുതായി പേര് ചേർക്കാൻ അപേക്ഷിക്കുമ്പോൾ ഗൃഹനാഥന്റെയോ അടുത്ത വീട്ടുകാരുടെയോ തിരിച്ചറിയൽ കാർഡിന്റെ നമ്പരും വിശദാംശങ്ങളും കാണിക്കണമെന്നാണ് വ്യവസ്ഥ. ഈ വിവരം ഇല്ലാത്ത അപേക്ഷകൾ നിരസിക്കാം. പുതിയ വോട്ടർമാർ രേഖപ്പെടുത്തുന്ന ഗൃഹനാഥന്മാരുടെ/ അയൽവാസിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്താലും സാങ്കേതിക കാരണത്തിൽ അപേക്ഷ തള്ളാം. അതിനുവേണ്ടി അപേക്ഷയിൽ കാണിച്ചിട്ടുള്ള ഗൃഹനാഥന്റെ പേര് നീക്കം ചെയ്ത് ഈ തട്ടിപ്പ് നടത്തുകയാണെന്നാണ് ആരോപണം. ഗൃഹനാഥന്മാർക്കും പുതിയതായി പേരു ചേർക്കാൻ അപേക്ഷ സമർപ്പിച്ചവർക്കും വോട്ടവകാശം നിഷേധിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഇങ്ങനെ മനപ്പൂർവം ഒഴിവാക്കപ്പെട്ടിട്ടുള്ള വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിലനിറുത്താൻ ആവശ്യമായ നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകണം. പട്ടികയിലെ ക്രമക്കേടുകളെ പറ്റി അടിയന്തരമായി അന്വേഷിക്കണം. എല്ലാ വോട്ടർമാരും അവരവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ടോയെന്ന് പരിശോധിച്ച് ബോദ്ധ്യപ്പെടണം. വോട്ടർ പട്ടികയിലെ അട്ടിമറിക്ക് ചരടുവലിച്ചവർക്കെതിരെ ശിക്ഷണ നടപടികൾ കൈക്കൊള്ളണമെന്നും സ്ഥാനാർത്ഥികൾ നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം വരെ പേരു ചേർക്കാൻ അനുമതി നൽകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.