തൊടുപുഴ: ന്യൂമാൻ കോളേജ് സവോളജി വിഭാഗം വിദ്യാത്ഥികൾ നഗരസഭയിൽ കൊതുകുൾപ്പെടെയുള്ള രോഗവാഹകരായ ജീവികളുടെ സാന്നിദ്ധ്യവും സാന്ദ്രതയും കണ്ടെത്താനായി 26, 27 തീയതികളിൽ രംഗത്തിറങ്ങുന്നു. നഗരസഭയെ അഞ്ച് മേഖലകളായി തിരിച്ച് 10 പേരടങ്ങുന്ന വിദ്യാർത്ഥി സംഘങ്ങളാണ് പഠനപ്രവർത്തനങ്ങൾ നടത്തുക. ഇതോടൊപ്പം ഉറവിട നശീകരണവും ബോധവത്കരണക്ലാസുകളും സംഘടിപ്പിക്കും. വിദ്യാർത്ഥികൾ പ്രാണികളേയും കൂത്താടികളെയും ശേഖരിച്ച് രോഗാണുവാഹകരായ വെക്ടറുകളെ കണ്ടെത്തുകയും ചെയ്യും. തെരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്ക് ന്യൂമാൻ കോളേജ് മാർ മാത്യു പോത്തനാംകുടി ഹാളിൽ പരിശീലനം നൽകി. പരിശീലനപരിപാടി പ്രിൻസിപ്പൽ റവ: ഫാ. ഡോ. വിൻസന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ മലേറിയ ആഫീസർ, സി.ജെ. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സവോളജി വിഭാഗം ഇൻ ചാർജ്ജ് ബാനി ജോയി ആശംസ നേർന്നു. പരിശീലനപരിപാടിക്ക് ഹെൽത്ത് സൂപ്പർവൈസർ എം.എം. സോമി, എന്റമോളജി കൺസൽട്ടന്റ് കെ. മാനസ, ഹെൽത്ത് ഇൻസ്‌പെകടർമാരായ സുനിൽകുമാർ എം. ദാസ്, പീറ്റർ കെ. അബ്രഹാം എന്നിവർ നേതൃത്വം നൽകി.