ഇടുക്കി: സ്ഥാനാർത്ഥി എത്തിയത് വൈകിയാണെങ്കിലും പ്രവർത്തനത്തിൽ വളരെയേറെ ആവേശത്തിലാണ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും. അഡ്വ ഡീൻ കുര്യാക്കോസ് ദേവികുളം, ഉടുമ്പൻചോല, കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയോജകമണ്ഡലം കൺവെൻഷനുകൾ പൂർത്തീകരിച്ചു. തൊടുപുഴ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അബ്ദുറഹ്മാൻ രണ്ടത്താണിയുമടക്കം വളരെ വലിയ നിരയാണ് യു.ഡി.എഫ് ക്യാമ്പിലെത്തുന്നത്. 28ന് മുമ്പായി ജില്ലയിലെ എല്ലാ യുഡിഎഫ് മണ്ഡലംതല കൺവെൻഷനുകളും പൂർത്തീകരിക്കും. 30ന് മുമ്പായി ബൂത്ത് കൺവൻഷനുകൾ പൂർത്തീകരിക്കും. 31, ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലായി ഒന്നാംഘട്ട ഫീൽഡ് വർക്ക് പൂർത്തിയാക്കും. ഏപ്രിൽ നാലിന് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി തൊടുപുഴയിൽ ചേരും. 5, 6, 7 തീയതികളിൽ പാർലമെന്റ് മണ്ഡലത്തിൽ കുടുംബയോഗങ്ങൾ പൂർത്തീകരിക്കും. ഏപ്രിൽ 9, 10 തീയതികളിൽ രണ്ടാംഘട്ട സ്‌ക്വാഡ് യു.ഡി.എഫിന് അഭ്യർത്ഥനയുമായി സമ്മതിദായകരെ സമീപിച്ച് രണ്ടാംഘട്ട ഫീൽഡ് വർക്ക് പൂർത്തിയാക്കും. ഏപ്രിൽ 12ന് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി സ്ഥിതിഗതികൾ വിലയിരുത്തും. ഏപ്രിൽ 15, 20 തീയതികളിൽ മണ്ഡലത്തിലെമ്പാടും കോർണർ മീറ്റിംഗുകൾ നടത്തും. ഏപ്രിൽ 16 മുതൽ 20 വരെ മൂന്നാംഘട്ട സ്‌ക്വാഡ് പ്രവർത്തനങ്ങൾ ക്ലിപ്പുകളും മാതൃകാ ബാലറ്റും നൽകി യു.ഡി.എഫ് പൂർത്തിയാക്കും.