തൊടുപുഴ: കൊടും വേനലിൽ നാട്ടിലാകെ ജലസ്രോതസുകൾ വറ്റിവരളുമ്പോൾ ഇവിടെയൊരു കിണർ നിറഞ്ഞ് തുളുമ്പാനൊരുങ്ങുകയാണ്. തൊടുപുഴ ഒളമറ്റം കണ്ടോത്ത് തോമസിന്റെ പുരയിടത്തിലെ 29 അടിയോളം താഴ്ചയുള്ള കിണറാണ് 16 അടിക്കുമേൽ ജലനിരപ്പ് ഉയർത്തി ഉഷ്ണതരംഗത്തെ വെല്ലുവിളിക്കുന്നത്. മൂന്നാഴ്ച മുമ്പൊരു ദിവസം കഷ്ടിച്ച് ഒരു ബക്കറ്റ് വെള്ളമാണ് ഉണ്ടായിരുന്നത്. അവിശ്വസനീയമായ ആ പ്രതിഭാസം കണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും കൊടും വേനലിൽ കൈവന്ന സൗഭാഗ്യം ആസ്വദിച്ച് അനുഭവിക്കുകയാണ് തോമസും കുടുംബവും ഇപ്പോൾ. 30 വർഷം പഴക്കമുള്ള കിണർ കഴിഞ്ഞ കുറേക്കാലങ്ങളായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൂർണമായും വറ്റിവരളാറുണ്ടായിരുന്നു. ഇത്തവണയും പതിവ് തെറ്റിക്കാതെ മാർച്ച് ആദ്യവാരം കിണർ വറ്റി. രാത്രിയിൽ ഊറിവരുന്ന കുറച്ചുവെള്ലം രാവിലെ പമ്പ് ചെയ്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ എടുക്കുമായിരുന്നു. അങ്ങനെ പമ്പ് ചെയ്തതിന് ശേഷം കഷ്ടിച്ച് ഒരു ബക്കറ്റ് വെള്ളം ബാക്കി കിടന്നപ്പോൾ പണിക്കാരനെ വിളിച്ച് തേകിക്കാമെന്ന് കരുതി. അടുത്തദിവസമാണ് പണിക്കാരൻ വന്നത്. അന്ന് രാവിലെ വീട്ടാവശ്യത്തിനുള്ള പമ്പ് ചെയ്യാൻ ചെന്നുനോക്കിയപ്പോഴാണ് 29 അടി ആഴമുള്ള കിണറ്റിൽ ഏതാണ്ട് മുക്കാൽ ഭാഗത്തിലേറെ തെളിനീർ നിറഞ്ഞനിലയിൽ കണ്ടത്. ആദ്യം അത്ഭുതമായി തോന്നിതുകൊണ്ട് ആരോടും പറഞ്ഞില്ല. അയൽവാസികൾ ആരെങ്കിലും തങ്ങളെ പറ്രിക്കാൻ രാത്രിയിൽ ഹോസ് ഉപയോഗിച്ച് പമ്പ് ചെയ്ത് കിണർ നിറച്ചതായിരിക്കുമെന്ന് കരുതി. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവ് കാണാതായപ്പോൾ കൃത്രിമമായി നിറച്ചതല്ലെന്ന് മനസിലായി. കോരിയെടുത്ത് തിളപ്പിച്ച് കുടിച്ചുനോക്കി. യാതൊരു നിറവ്യത്യാസമൊ രുചിഭേദമൊ ഇല്ല. അതോടെ എല്ലാ ആശങ്കകളും മാറ്റിവച്ച് വെള്ളം പമ്പ് ചെയ്ത് ഉപോഗിക്കാൻ തുടങ്ങി. ഇപ്പോൾ മൂന്നാഴ്ച പിന്നിട്ടു. അതിനിടെ ഏതാണ് രണ്ടടിയോളം (ഒരുകോൽ) വെള്ളം കുറഞ്ഞിട്ടുണ്ടെന്നുമാത്രം. എങ്കിലും ഈ കൊടുംവേനലിൽ ഇത് എങ്ങനെ സംഭവിച്ചു എന്നറിയാത്ത ആകാംഷയിലാണ് കുടുംബക്കാർ. 29 അടി താഴ്ചയുള്ല കിണിറിൽ പകുതിയിലേറെ ഭാഗം പാറയാണ്. 30 വർഷം മുമ്പ് പാറപൊട്ടിച്ചുമാറ്രി കുഴിച്ചെടുത്തതാണ്. മഴക്കാലത്ത് 25 അടിയോളം നിറയുകയും കൊടുംവേനലിൽ അടിത്തട്ട് വരെ വറ്റുകയും ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള ചരിത്രം. ഇതിപ്പോൾ ഒരുകാലത്തുമുണ്ടാകാത്ത വിധം കടുത്ത വെയിലും അന്തരീക്ഷം ചുട്ടുപൊള്ളുന്ന ചൂടുമായിട്ടും പറഞ്ഞറിയിക്കാനാവാത്ത അത്ഭുതം സംഭവിച്ചെന്നുമാത്രമേ തോമസിന് അറിയൂ.