തൊടുപുഴ: വേനൽ ചൂടിൽ ജനം വെന്തുരുകുമ്പോഴും മുന്നണികൾ ക്ഷീണിക്കാതെ പ്രചാരണചൂടിലാണ്. എൻ.ഡി.എ സ്ഥാനാർത്ഥി കൂടി സജീവമായി കളം പിടിച്ചതോടെ പോരാട്ടം ശക്തമായി.
ജോയ്‌സിന്റെ ഇന്ന് കോതമംഗലത്ത്
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജിന്റെ പൊതുപര്യടനത്തിന് ഇന്ന് തുടക്കമാകും. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതു മുതൽ രണ്ടാഴ്ച നീണ്ടു നിന്ന മണ്ഡലത്തിലാകെയുള്ള ഓട്ടപ്രദക്ഷിണം രണ്ടുവട്ടം പൂർത്തിയാക്കിയാണ് പൊതുപര്യടനത്തിലേക്ക് കടക്കുന്നത്. ഇതിനിടയിൽ പാർലമെന്റ് നിയോജക മണ്ഡലം കൺവെൻഷനും എഴ് അസംബ്ലി നിയോജക മണ്ഡലം കൺവെൻഷനുകളും പൂർത്തിയാക്കി. പിന്നീട് ലോക്കൽ അടിസ്ഥാനത്തിലുള്ള 250 മേഖല കൺവെൻഷനുകളും നടന്നു. മണ്ഡലത്തിലാകെയുള്ള 1305 ബൂത്ത് കൺവൻഷനുകളും തിങ്കളാഴ്ചയോടെ പൂർത്തിയാക്കിയാണ് ചൊവ്വാഴ്ച പൊതുപര്യടനം ആരംഭിക്കുന്നത്. മണ്ഡലം, മേഖല, ബൂത്ത് തല കൺവൻഷനുകൾ പൂർത്തിയായി കമ്മറ്റികൾ രൂപീകരിക്കപ്പെട്ടതോടെ ചിട്ടയായ പ്രവർത്തനങ്ങൾക്കാണ് എൽഡിഎഫ് രൂപം നൽകിയിട്ടുള്ളത്. മണ്ഡലത്തിലുടനീളം ആവേശകരമായ പിന്തുണയാണ് എല്ലാവിഭാഗം ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് ജോയ്‌സ് ജോർജ് പറഞ്ഞു. രാവിലെ ഏഴിന് കോട്ടപ്പടിയിൽ നിന്ന് പൊതുപര്യടനം ആരംഭിക്കും. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ. ശിവരാമൻ, ജനറൽ സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, ഖജാൻജി കെ.കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും. കോട്ടപ്പടി പഞ്ചായത്തിലെ പര്യടനത്തിന് ശേഷം പിണ്ടിമന, നെല്ലിക്കുഴി, കോതമംഗലം നഗരസഭ എന്നിവിടങ്ങളിൽ പര്യടനം നടത്തും. രാവിലെ ഏഴ് മുതൽ 11 വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയുമാണ് പര്യടനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
ഉടുമ്പന്നൂർ ടൗണിൽ എത്തിയ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ് വോട്ട് അഭ്യർത്ഥിക്കുന്നു.
ജോയ്‌സ് ജോർജ് നാളെ തൊടുപുഴയിൽ
ചെറതോണി: ജോയ്‌സ് ശനിയാഴ്ച തൊടുപുഴ മണ്ഡലത്തിന്റെ കാർഷിക മേഖലയിൽ പര്യടനം നടത്തും. രാവിലെ ഏഴിന് തൊമ്മൻകുത്തിൽ നിന്നാണ് തുടക്കം. തുടർന്ന് വെൺമറ്റം, ചീങ്കൽസിറ്റി, എഴുപതേക്കർ, മുണ്ടൻമുടി, ബ്ലാത്തിക്കവല, പട്ടയക്കുടി, വെള്ളെള്ള്, വെള്ളക്കയം, തറുതല, മുള്ളരിങ്ങാട്, വണ്ണപ്പുറം ടൗൺ, അമ്പലപ്പടി, ഒടിയപാറ, മുള്ളൻകുത്തി, കാളിയാർ, എസ്റ്റേറ്റ്പടി, കൊടവേലി, കോടിക്കുളം, ഇല്ലിച്ചുവട്, കുളത്തിങ്കൽ, ചെറതോട്ടിൻകര, നെടുമറ്റം, മണിക്കന്നേൽപീടിക, എഴുമുട്ടം, കരിമണ്ണൂർ, നെയ്യശേരിക്കവല, നെയ്യശ്ശേരി, മുളപ്പുറം, കോട്ടക്കവല, എച്ച്എസ് കവല, പന്നൂർ, തട്ടക്കുഴ, മഞ്ചിക്കല്ല്, ചീനിക്കുഴി, ഉപ്പുകുന്ന്, പെരിങ്ങാശ്ശേരി, ആൾക്കല്ല്, പരിയാരംകോട്ട, അമയപ്ര സ്‌കൂൾ, ചാക്കപ്പൻകവല, പാറേക്കവല എന്നിവിടങ്ങളിൽ പര്യടനം നടത്തി ഉടുമ്പന്നൂർ സമാപിക്കും.
കോടിയേരി അഞ്ചിന് ഇടുക്കിയിൽ
ചെറതോണി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏപ്രിൽ അഞ്ചിന് ഇടുക്കിയിലെത്തും. രാവിലെ ചെറതോണിയിൽ പാർലമെന്റ് മണ്ഡലം കമ്മിറ്റിയിൽ പങ്കെടുക്കും. തുടർന്ന് ജോയ്‌സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വൈകിട്ട് മൂന്നിന് മുരിക്കാശേരിയിലും അഞ്ചിന് രാജാക്കാടും ചേരുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.