kk
മീനിന്റെ അവശിഷ്ടം നിക്ഷേപിച്ച നിലയിൽ

അടിമാലി: സമ്പൂർണ മാലിന്യ സംസ്‌കരണ പദ്ധതികളുമായി മുമ്പോട്ട് പോകുന്ന അടിമാലി പഞ്ചായത്തിൽ പൊതുശ്മശാനത്തിന് സമീപം ദേശീയപാതയോരത്ത് മീൻ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. മീൻ അഴുകുന്നതോടെ അസഹനീയമായ ദുർഗന്ധം സഹിച്ചാണ് പരിസരവാസികൾക്കൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രികരും കടന്നു പോകുന്നത്. ഏതാനും നാളുകൾക്ക് ശേഷമാണ് പൊതുശ്മശാനത്തിന് സമീപം മീൻമാലിന്യം നിക്ഷേപിക്കുന്നത് വീണ്ടും പതിവായിട്ടുള്ളത്. നാളുകൾക്ക് മുമ്പ് സമാന വിഷയത്തിൽ പരാതിയേറിയതോടെ മീൻമാലിന്യം നിക്ഷേപിക്കുന്നതിന് അറുതി വന്നിരുന്നു. രാത്രികാലങ്ങളിൽ ദേശിയപാതയിലൂടെ കടന്നു പോകുന്ന മീൻകച്ചവടക്കാർ ആളൊഴിഞ്ഞ പ്രദേശമെന്ന നിലയിൽ കൂമ്പൻപാറയിൽ മാലിന്യം നിക്ഷേപിച്ച് പോകുകയാണ് പതിവ്. എന്നാൽ അസഹനീയമായ ദുർഗന്ധത്തിനൊപ്പം പകർച്ചവ്യാധി പടർന്ന് പിടിക്കുന്നതിനുപോലും ഇത് വഴിയൊരുക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. സമ്പൂർണ്ണ മാലിന്യ സംസ്‌കരണ പദ്ധതികളുമായി അടിമാലി പഞ്ചായത്ത് മുമ്പോട്ട് പോകുമ്പോൾ നാട്ടുകാരെ വലയ്ക്കുന്ന മീൻമാലിന്യ നിക്ഷേപത്തിനെതിരെ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ലെന്ന ചോദ്യമാണ് നാട്ടുകാർക്ക് മുമ്പോട്ട് വയ്ക്കാനുള്ളത്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിനൊപ്പം മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും സമീപവാസികൾ ആവശ്യപ്പെടുന്നു. വേണ്ടി വന്നാൽ രാത്രികാലത്ത് കാവലിരുന്ന് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. പൊതുശ്മശാനം കൂടി പ്രവർത്തിക്കുന്ന ഇടമായതിനാൽ അസഹനീയ ദുർഗന്ധമുണ്ടാകുമെന്ന് യാത്രക്കാരും പരാതിപ്പെടുന്നു. ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മറ്റിടങ്ങൾ ശുചീകരിക്കപ്പെട്ടിട്ടും പൊതുശ്മശാനത്തിന് സമീപം മാത്രം വൃത്തിഹീനമായി കിടക്കുന്നത് വലിയ പ്രതിഷേധത്തിനാണ് ഇടവരുത്തുന്നത്.