kk
പ്രഭാകരൻ

അടിമാലി: ആദിവാസി കോളനിയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയിരുന്ന മദ്ധ്യവയസ്കനെ അടിമാലി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അടിമാലി ചിന്നപ്പാറ തലനിരപ്പൻകുടി സ്വദേശി പ്രഭാകരനെയാണ് (66) ​തിങ്കളാഴ്ച രാത്രി എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നാലേകാൽ ലിറ്റർ മദ്യവും എക്‌സൈസ് സംഘം കണ്ടെടുത്തു. ആദിവാസി കോളനിയിൽ പ്രഭാകരൻ വ്യാപകമായി മദ്യവിൽപ്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അടിമാലി എക്‌സൈസ് സംഘം തിങ്കളാഴ്ച രാത്രിയിൽ പ്രതിയുടെ വീട്ടിൽ തിരച്ചിൽ നടത്തിയത്. തുടർന്ന് മദ്യ വിൽപ്പന നടത്തുന്നതിനിടയിൽ എക്‌സൈസ് സംഘം പ്രഭാകരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടിമാലിയിൽ നിന്ന് മദ്യം വാങ്ങി കോളനിയിൽ എത്തിച്ച ശേഷം വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് കൂടിയ വിലയ്ക്ക് മദ്യം വിൽപ്പന നടത്തുകയാണ് പ്രഭാകരന്റെ രീതി. നാളുകളായി പ്രതി മദ്യവിൽപ്പന നടത്തി വന്നിരുന്നതായി സൂചന ലഭിച്ചിരുന്നെന്നും കോളനി നിവാസികൾക്കായിരുന്നു പ്രഭാകരൻ കൂടുതലായി മദ്യവിൽപ്പന നടത്തിയിരുന്നതെന്നും അടിമാലി എക്‌സൈസ് ഇൻസ്‌പെക്ടർ റോയി ജെയിംസ് പറഞ്ഞു. പ്രഭാകരന്റെ മദ്യവിൽപ്പനയ്ക്കെതിരെ പ്രദേശത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ വ്യാപക പരാതി നിലനിന്നിരുന്നു. പലതവണ പ്രഭാകരനെ പിടികൂടാൻ എക്‌സൈസ് സംഘം ശ്രമം നടത്തിയിരുന്നെങ്കിലും ഇയാൾ എക്‌സൈസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. മുമ്പ് പ്രഭാകരൻ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായും എക്‌സൈസ് സംഘം പറഞ്ഞു. കഞ്ചാവ് വിൽപ്പനയെ തുടർന്ന് അറസ്റ്റിലായ ശേഷം ഇയാൾ വർഷങ്ങളായി മദ്യവിൽപ്പന നടത്തി വരികയായിരുന്നെന്നാണ് സൂചന. പ്രിവന്റീവ് ഓഫീസർ പി.എച്ച്. ഉമ്മറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഭാകരനെ കസ്റ്റഡിയിലെടുത്തത്.