അടിമാലി: ലോക സ്‌പെഷ്യൽ ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് അടിമാലി കാർമ്മൽജ്യോതി സ്‌പെഷ്യൽ സ്‌കൂളിലെ ആതിര കുഞ്ഞുമോൻ. 400 മീറ്റർ ഓട്ടത്തിൽ വെള്ളിയും റിലേ മത്സരത്തിൽ വെങ്കലവുമാണ് ആതിര സ്വന്തം പേരിൽ കുറിച്ചത്. എട്ട് മുതൽ 21 വരെ അബുദാബിയിലായിരുന്നു ലോക സ്‌പെഷ്യൽ ഒളിമ്പിക്സ് നടന്നത്. 192 രാജ്യങ്ങളിൽ നിന്നായി 7500 കുട്ടികൾ സ്‌പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് രാജ്യത്തെ പ്രതിനിധീകരിച്ച 28 കുട്ടികളിലൊരാളായിരുന്നു മച്ചിപ്ലാവ് കാർമ്മൽ ജ്യോതിയിലെ ആതിര കുഞ്ഞുമോൻ. ആതിരയുടെ നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്ന് കാർമ്മൽജ്യോതി സ്‌കൂൾ മുൻ പ്രിൻസിപ്പിൾ സിസ്റ്റർ ബിജി ജോസ് പറഞ്ഞു. 200 മീറ്റർ, 400 മീറ്റർ, 4 ഇന്റു 400 മീറ്ററർ റിലേ എന്നീ മത്സരങ്ങളിലാണ് ആതിര രാജ്യത്തിനായി മാറ്റുരച്ചത്. ഒറീസ, രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന മത്സരങ്ങൾക്കും പരിശീലനത്തിനും ശേഷമാണ് വിജയം ലക്ഷ്യമിട്ട് ആതിര അബുദാബിയുടെ മണ്ണിലിറങ്ങിയത്. മെഡലുകൾ സ്വന്തമാക്കിയതിനൊപ്പം 200 മീറ്റർ ഓട്ടത്തിൽ ആറാം സ്ഥാനവും ആതിര സ്വന്തം പേരിൽ കുറിച്ചു. ചെറുപ്പത്തിൽ തന്നെ മാതാവ് ഉപേക്ഷിച്ച് പോയ ഈ കൊച്ചു മിടുക്കിക്ക് വീടും വിദ്യാലയവുമെല്ലാം മച്ചിപ്ലാവ് കാർമ്മൽ ജ്യോതിയാണ്. വിജയ മെഡൽ നേടി വിദ്യാലയത്തിൽ തിരിച്ചെത്തിയ ആതിരക്ക് സഹപാഠികളും അദ്ധ്യാപകരും ആവേശോജ്വലമായ സ്വീകരണമാണ് ഒരുക്കിയത്.