തൊടുപുഴ: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗവേഷകരും ഉന്നത ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികളും പങ്കെടുക്കുന്ന ഏകദിന ദേശിയ സെമിനാർ ഇന്ന് വഴിത്തല ശാന്തിഗിരി കോളേജ് ഒഫ് കമ്പ്യൂട്ടർ സയൻസിൽ നടക്കും.
'അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇ.ബി.ജി. ഫൗണ്ടേഷൻ ചെയർമാനും അണ്ണമാലൈ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. ഇ. ബാലഗുരുസ്വാമി ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ കൊച്ചിൻ ചാപ്ടറുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നുള്ല 70 ൽപ്പരം വിദ്യാർത്ഥികൾ വിവരസാങ്കേതിക വിദ്യയിലെ നൂതന ആശയങ്ങൾ സംബന്ധിച്ച 40 പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാവിലെ 9.45ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രധാന പ്രബന്ധാവതരണം നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കമ്പ്യൂട്ടർ വിഭാഗം പ്രൊഫ. ഡോ. എം. സുദീപ് ഇളയിടം മുഖ്യപ്രഭാഷണം നടത്തും.