kk
മറയൂർ കൂടക്കാട് മലനിരകളിൽ ഉണ്ടായ കാട്ടുതീ .

മറയൂർ: മറയൂർ, കാന്തല്ലൂർ മലനിരകളെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ വിഴുങ്ങുന്നു. മറയൂർ പഞ്ചായത്തിൽ കർപ്പൂരക്കുടി, കൂടക്കാട്, അഞ്ചു നാട്ടാൻ പാറ, മുരുകൻമല, കരിമൂട്ടി, പുറവയൽ, കാന്തല്ലൂർ പഞ്ചായത്തിലെ തീർത്ഥമല, പെരടി പള്ളം, ഒള്ളവയൽ, ചാനൽ മേട്, പാമ്പൻ പാറ, മൂന്നാർ പഞ്ചായത്തിലെ പാമ്പൻ മലനിരകളിലാണ് കാട്ടുതീ പടർന്നു പിടിച്ചിരിക്കുന്നത്. മറയൂർ നാച്ചിവയൽ ചന്ദനക്കാടുകൾക്ക് സമീപം കൂടക്കാട് മലകളിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വൻ കാട്ടു തീ നിയന്ത്രണ വിധേയമാക്കാൻ വനം വകുപ്പ് ജീവനക്കാർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. പരാജയപ്പെട്ടിരുന്നെങ്കിൽ കോടിക്കണക്കിന് രൂപയുടെ ചന്ദന മരങ്ങൾ കാട്ടുതീയിൽപ്പെടുമായിരുന്നു. രണ്ടാഴ്ചക്കുള്ളിൽ മറയൂർ, കാന്തല്ലൂർ മേഖലകളിൽ ആയിരത്തിലധികം ഏക്കറുകളിലെ വനമാണ് കത്തി നശിച്ചത്. സ്വകാര്യ, റവന്യൂ ഭൂമികളിലെ നാശം വേറെയും. വന്യ ജീവികളുടെ കാര്യം ഏറെ പരിതാപകരമായി മാറി. പാമ്പാർ, കന്നിയാർ, തീർത്ഥ മലയാർ എന്നീ പുഴകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായി പ്രദേശവാസികൾ പറയുന്നു. അപൂർവ ഇനം ചെടികളും കത്തിനശിച്ചു.

മുൻകരുതൽ പരാജയം

വേനൽ കാലം വരുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതൽ എടുക്കാൻ കഴിയാത്തതാണ് കാട്ടുതീ ഇത്രയധികം വ്യാപകമായി പടരാനിടയാക്കിയത്. മറയൂർ ചന്ദനക്കാടുകളിൽ നിന്ന് 100 കോടി രൂപയാണ് സർക്കാർ ഖജനാവിലേക്ക് വർഷം തോറും എത്തുന്നത്. എന്നാൽ ഈ വനമേഖലയിൽ കാട്ടുതീ പടരാതിരിക്കുന്നതിന് മുൻകരുതലെടുക്കാൻ ആവശ്യത്തിന് പണമില്ല. 85 കിലോമീറ്റർ ദൂരം ഫയർ ലൈൻ തെളിക്കുന്നതിനുള്ള തുക അനുവദിക്കുന്നതിന് പകരം മറയൂർ, കാന്തല്ലൂർ അതിർത്തികളിൽ വെറും 22 കിലോമീറ്റർ ദൂരം മാത്രം ഫയർ ലൈൻ തെളിക്കുന്നതിനുള്ള തുക മാത്രമാണ് അനുവദിച്ചത്. ഫയർ ഗാംഗ് എന്ന നിരീക്ഷണ സമിതികളുടെ പ്രവർത്തനവും പരാജയപ്പെട്ടു.

കുറ്റം ആദിവാസികൾക്ക്

ആദിവാസികൾ ഇവരുടെ കൃഷിയിടത്തിലും പുൽമേടുകളിലും തീയിടുന്നത് നിയന്ത്രിക്കാൻ കഴിയാതെ പടരുന്നതാണ് കാട്ടുതീ ഉണ്ടാകാൻ കാരണമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. മഴ പെയ്താൽ ഈ മേഖലകളിൽ കന്നുകാലികൾക്ക് തീറ്റക്കായിട്ടുള്ള പുല്ലും തൈലപുല്ലും നല്ലവണ്ണം മുളച്ച് വരുന്നതിനായിട്ടാണ് ഇവർ തീയിടുന്നത്. ഇത്തരക്കാരെ നിയന്ത്രിക്കുന്നതിനോ ബോധവത്കരിക്കുന്നതിനോ കഴിയാതെ വരുന്നതിനാലാണ് തീ വ്യാപകമായി പടരാൻ കാരണമെന്ന് വനംവകുപ്പ് പറയുന്നു.