അടിമാലി: പറഞ്ഞ സമയത്ത് അപ്പോൾസറി ജോലി ചെയ്ത് നൽകിയില്ലെന്ന പേരിൽ സ്ഥാപന ഉടമയെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. ആനച്ചാൽ ടൗണിൽ സെന്റ് ആന്റണീസ് അപ്പോൾസറിയെന്ന സ്ഥാപനം നടത്തുന്ന പൈനേടത്ത് ജോബാണ് നാലാംഗ സംഘത്തിന്റെ മർദ്ദനമേറ്റതിനെ തുടർന്ന് താലൂക്കാശുപത്രിയിൽ ചിക്തസ തേടിയിട്ടുള്ളത്. ചിത്തിരപുരത്തെ ടാക്സി ഡ്രൈവറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയെന്നാണ് ജോബിന്റെ പരാതി. മർദ്ദനത്തിൽ മൂക്കിനും കഴുത്തിനും കൈവിരലുകൾക്കും പരിക്ക് സംഭവിച്ചതായി ചിക്തസയിൽ കഴിയുന്ന ജോബ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ജോബ് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. പൊലീസ് ആശുപത്രിയിലെത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തി. സമയത്ത് അപ്പോൾസറി ജോലി ചെയ്ത് നൽകിയില്ലെന്ന പേരിലായിരുന്നു മർദ്ദനമെന്നും ആക്രമണത്തിനിടെ നാലംഗസംഘം വധഭീഷണി മുഴക്കിയെന്നും ജോബ് പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. മർദ്ദനത്തിനു ശേഷം ആക്രമികൾ ടൗണിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടെന്ന് ദൃകസാക്ഷികളും പറഞ്ഞു. പട്ടാപകൽ ആക്രമണം നടത്തിയവരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമതി ആനച്ചാൽ യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.