kk
കുഴിയ്ക്കായി മണ്ണെടുത്തപ്പോൾ പുറത്ത് വന്ന മൃതദേഹാവശിഷ്ടങ്ങൾ

രാജാക്കാട്: പൊതു ശ്മശാനത്തിൽ അടുത്തിടെ സംസ്കരിച്ച മൃതദേഹങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പുറത്തുവന്നത് മറവ് ചെയ്യാതെ ഒരാഴ്ചയോളം തുറന്നിട്ടതായി ആക്ഷേപം. പഴയവിടുതിയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് പൊതു ശ്മശാനത്തിൽ മാലിന്യ സംസ്‌കരണ കേന്ദ്രം പണിയുന്നതിനായി മണ്ണെടുത്തപ്പോൾ പുറത്തുവന്ന ശരീരഭാഗങ്ങളോടാണ് അധികൃതർ അനാദരവ് കാട്ടിയത്. സി.എം.എസ് പള്ളിയുടെ സമീപത്തുള്ള പൊതു ശ്മശാനത്തിൽ സമീപ പഞ്ചായത്തുകളിൽ നിന്നുള്ള അനാഥ ശവങ്ങൾ ഉൾപ്പെടെയുള്ള മൃതശരീരങ്ങൾ അടക്കം ചെയ്യാറുണ്ട്. നിശ്ചിത ഫീസ് അടച്ചാൽ ശരീരങ്ങൾ ഫർണസിൽ ദഹിപ്പിക്കുകയും അല്ലാത്തത് കുഴിയിൽ സംസ്കരിക്കുകയുമാണ് പതിവ്. മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാൻ ശ്മശാനത്തിന്റെ ഒരു ഭാഗത്താണ് ഇടം കണ്ടെത്തിയിരിക്കുന്നത്. നിർമ്മാണ ജോലികളുടെ ഭാഗമായി ഒരാഴ്ച മുമ്പ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ ഒന്നിലധികം മൃതദേഹങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് യന്ത്രത്തിന്റെ ഓപ്പറേറ്റർ പണി നിറുത്തി പോവുകയും ചെയ്തു. അണിയിച്ചിരുന്ന വസ്ത്രങ്ങളുടെ പുതുമ മാറാത്തതിനാൽ സമീപ കാലത്ത് അടക്കിയ ശരീരങ്ങളാണെന്ന് വ്യക്തമാണ്. കൈ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒരാഴ്ചയോളം ചിതറിയ നിലയിൽ തുറന്ന് കിടന്നിരുന്നു. കടുത്ത ദുർഗന്ധമുണ്ടായതിനെത്തുടർന്ന് നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ഞായറാഴ്ച മണ്ണിട്ട് മൂടുകയും ചെയ്തു. അംഗൻവാടിയും കുടിവെള്ള വിതരണ പദ്ധതികളുടെ സംഭരണ ടാങ്കുകളും സ്ഥിതി ചെയ്യുന്ന ജനവാസ കേന്ദ്രത്തോട് ചേർന്നാണ് അഴുകിയ മൃതദേഹങ്ങൾ കിടന്നത്. നൂറോളം കുടുംബങ്ങൾ കുടിവെള്ളമെടുക്കുന്നത് ഈ ടാങ്കുകളിൽ നിന്നാണ്. നിരവധി കിണറുകളും സമീപ പ്രദേശങ്ങളിലുണ്ട്. നായ്ക്കളും പക്ഷികളുമടക്കം അവശിഷ്ടങ്ങൾ കടിച്ചും വലിച്ചും കൊത്തിയെടുത്തും പലയിടത്തുമിട്ടതായും നാട്ടുകാർ പറയുന്നു.