പീരുമേട്: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഗഡു ജില്ലയിലെ ഭൂരിഭാഗം ഗുണഭോക്താക്കൾക്കും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടാം ഗഡു ലഭിക്കാൻ വൈകുന്നതിനാൽ മഴയ്ക്ക് മുമ്പ് പണികൾ പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്കയിലായി ഗുണഭോക്താക്കൾ. ജില്ലയിൽ പീരുമേട്, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും അധികം ലൈഫ് ഗുണഭോക്താക്കളുള്ളത്. ഇവരിൽ ഭൂരിഭാഗം പേർക്കും രണ്ടാം ഗഡു മുടങ്ങി കിടക്കുകയാണ്. നിരവധി തവണ ഗ്രാമസേവകന്റെ ഓഫീസുകളിൽ കയറി ഇറങ്ങിയിട്ടും നിരാശ മാത്രമായിരുന്നു ഫലം. ഉടനെ രണ്ടാം ഗഡു ലഭിക്കുമെന്നും പണം കയറിയാൽ ഫോണിൽ സന്ദേശം വരുമെന്നുമുള്ള മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നത്. അനുവദിക്കുന്ന തുകയിൽ തന്നെ നിർമാണം പൂർത്തിയാക്കാൻ ജനം കഷ്ടപ്പെടുകയാണ്. സർക്കാർ ധനസഹായം ഉടനെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കടം വാങ്ങി രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തവരും പണം ലഭിക്കാതെ വന്നതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.

ആകെ നാല് ഗഡു

നാല് ഘട്ടമായി നാല് ലക്ഷം രൂപയാണ് ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമ്മിക്കാൻ സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിൽ ആദ്യ ഗഡുവായി 40,000 രൂപയാണ് നൽകുന്നത്. ഇതിൽ തറ കെട്ടി ഗ്രാമസേവകനെ കാണിച്ചാൽ മാത്രമേ രണ്ടാം ഗഡു നൽകൂ.

വണ്ടിപ്പെരിയാർ പഞ്ചായത്ത്

ഗുണഭോക്താക്കൾ - 1218 പേർ

കരാർ ചെയ്തവർ- 985

ആദ്യ ഗഡു ലഭിച്ചവർ- 830

രണ്ടാം ഗഡു ലഭിച്ചവർ- 72

പീരുമേട് പഞ്ചായത്ത്

ഗുണഭോക്താക്കൾ - 491 പേർ

കരാർ ചെയ്തവർ- 410

ആദ്യ ഗഡു ലഭിച്ചവർ- 370

രണ്ടാം ഗഡു ലഭിച്ചവർ- 32

ഇരുട്ടടിയായി വിലവർദ്ധന

നിർമ്മാണ സാമഗ്രഹികൾക്ക് വില ഉയരുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയായി മാറുകയാണ്. ക്രഷറുകളിൽ ഒരു ലോഡ് കല്ലിന് 3500 മുതൽ 3750 രൂപ വരെയാണ് ഇടാക്കുന്നത്. വാഹന വാടക ഉൾപ്പെടെ 6500 രൂപ നൽകിയാൽ മാത്രമേ ഉപഭോക്താവിന് ഒരു ലോഡ് കല്ല് ലഭിക്കൂ. പാറമടകളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച സാഹചര്യത്തിൽ കല്ല്, മെറ്റൽ, പാറപൊടി, പാറമണൽ തുടങ്ങിയവ കിട്ടാനില്ലാത്ത അവസ്ഥയാണ്. 34 രൂപ ഉണ്ടായിരുന്ന പാറപ്പൊടിക്ക് 39 രൂപയായി. 29- 30 വിലയുണ്ടായിരുന്ന മെറ്റലിന് 34- 35 എന്ന തോതിൽ വില വർദ്ധിച്ചു. ഇവ പണി സ്ഥലത്തെത്തിക്കാനുള്ള വാഹനക്കൂലി കൂടി കൂട്ടിയാൽ തുക പിന്നെയും വർദ്ധിക്കും. സിമന്റിനും വില വർദ്ധിച്ചത് സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്.