തൊടുപുഴ: ഡീൻ കുര്യാക്കോസിന്റെ വിജയം ഉറപ്പാക്കുന്നതുവരെ വിശ്രമമില്ലെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിൽ നടക്കുന്നത് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള മത്സരമാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് ഈ തിരഞ്ഞെടുപ്പിൽ നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തത് പ്രത്യേക സാഹചര്യങ്ങളാലാണ്. അതിന്റെ പേരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ കുറഞ്ഞ ഒന്നും സംഭവിക്കാൻ പാടില്ലെന്നും പാർട്ടി പ്രവർത്തകർ ഒരു മനസോടെ ഡീനിന്റെ വിജയത്തിനായി കഠിനമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്ബ്, പ്രൊഫ. കെ.ഐ. ആന്റണി, അഡ്വ. ജോസഫ് ജോൺ, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജിമ്മി മറ്റത്തിപ്പാറ, എം.മോനിച്ചൻ, കെ.എ. പരീത്, മാത്യു ജോൺ, പ്രൊഫ. ജെസ്സി ആന്റണി, മർട്ടിൽ മാത്യു എന്നിവർ പ്രസംഗിച്ചു.