ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ അട്ടിമറി വിജയം നേടുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ പറഞ്ഞു. കോതമംഗലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർമാരുടെ ഭാഗത്തു നിന്ന് വളരെയേറെ അനുകൂല പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാലാകാലങ്ങളായി ഇരുമുന്നണികളുടെയും ജനപ്രതിനിധികൾ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.. കഴിഞ്ഞ അഞ്ച് വർഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ രാജ്യമെമ്പാടും നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും വികസന പദ്ധതികളും ഇടുക്കി പാർലമെന്റ് മണ്ഡലത്തിലും നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇടത് ഭരണത്തിൻ കീഴിൽ കർഷകർ ആത്മഹത്യ ചെയ്യുന്നത് നിത്യസംഭവമാകുന്നു. അവരുടെ ഉത്പന്നങ്ങൾക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. മോഡി സർക്കാരിന്റെ ഭരണ തുടർച്ചയുണ്ടാകുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സർവ്വേകളും സൂചിപ്പിക്കുന്നത്. ഇടുക്കി മണ്ഡലത്തിൽ എൻ.ഡി.എ.സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ പാർശ്വവത്കരിക്കപ്പെട്ട സാധാരണ ജനതയ്ക്കായി നിലകൊള്ളും. കേന്ദ്ര സർക്കാരിന്റെ വിവിധ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കും. ഇടുക്കിയിൽ ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങൾ കൊണ്ടുവരാൻ മുൻ എം.പിമാർ യാതൊരു ശ്രമവും നടത്തിയിട്ടില്ല. കഴിഞ്ഞ തവണ ഇടതുപക്ഷ എം.പി കോടികളുടെ വികസന പദ്ധതികൾ നടപ്പിലാക്കിയെന്ന് അവകാശപ്പെടുമ്പോഴും മോഡി സർക്കാർ നൽകിയ കേന്ദ്രഫണ്ടാണിതെന്ന് സൗകര്യപൂർവ്വം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.