ഇടുക്കി: കോതമംഗലത്ത് സ്‌നേഹാദരങ്ങളേറ്റുവാങ്ങി ജോയ്സ് ജോർജ്ജ് പൊതു പര്യടനത്തിന് തുടക്കം കുറിച്ചു. രാവിലെ 7.30 ന് കോട്ടപ്പടി പഞ്ചായത്തിലെ തൈക്കാട്ടുപടിയിൽ നിന്നായിരുന്നു തുടക്കം. നൂറുകണക്കിന് ഗ്രാമവാസികൾ രാവിലെ തന്നെ സ്വീകരണ കേന്ദ്രത്തിൽ കാത്തു നിന്നിരുന്നു. ഒരു കുട്ടയിൽ നിറച്ച പച്ചക്കറി വിഭവങ്ങളുമായാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. തുടർന്ന് കോട്ടപ്പടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്‌നേഹോഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. ഒന്നര വയസുമുതൽ 95 വയസുവരെയുള്ളവർ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ കാണാനെത്തി. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് വോട്ടർമാരാണ് തടിച്ചുകൂടിയത്. അഞ്ച് വർഷവും ഞങ്ങൾക്കൊപ്പം നിന്ന ജോയ്സ് തന്നെ തുടരണമെന്ന പ്രഖ്യാപനമായിരുന്നു സ്വീകരണകേന്ദ്രങ്ങളിലെ ജനപങ്കാളിത്തം തെളിയിച്ചത്. എൽ.ഡി.എഫ് നേതാക്കളായ ആർ. അനിൽകുമാർ, ഇ.കെ. ശിവൻ, ബാബുപോൾ, ബേബി പൗലോസ്, എസ് സതീഷ്, മനോജ് ഗോപി, ഷാജി പീച്ചക്കര, ടി.പി. തമ്പാൻ, എ.എം. മുഹമ്മദ് തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
ജോയ്സിന്റെ ഭൂരിപക്ഷം വർദ്ധിക്കും: എം.എം. മണി
ജോയ്സിന്റെ ഭൂരിപക്ഷം ഈ തിരഞ്ഞെടുപ്പിൽ വർദ്ധിക്കുമെന്ന് എം.എം. മണി പറഞ്ഞു. കോതമംഗലം കോട്ടപ്പടിയിൽ ജോയ്സിന്റെ പൊതുപര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷവും ജനങ്ങൾക്കിടയിൽ നിന്ന് അവരിലൊരാളായി പ്രവർത്തിച്ചതിലൂടെ മണ്ഡലത്തിലുടനീളം വർദ്ധിച്ച ജനസ്വീകാര്യതയാണ് ജോയ്സിന് ഉണ്ടായിട്ടുള്ളത്. 4750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതിലൂടെ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പാർലമെന്റംഗമായി ജോയ്സ് ജോർജ്ജ് മാറിയെന്നും മണി പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ. ശിവൻ അദ്ധ്യക്ഷത വഹിച്ചു. പാർലമെന്റ് മണ്ഡലം സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എൽ.ഡി.എഫ് നേതാക്കളായ മാത്യു സ്റ്റീഫൻ, ആർ. അനിൽകുമാർ, എസ്. സതീഷ്, ബാബുപോൾ എന്നിവർ സംസാരിച്ചു.
ജോയ്സ് ഇന്ന് തൊടുപുഴയിൽ
ജോയ്സ് ഇന്ന് തൊടുപുഴയിൽ പര്യടനം നടത്തും. രാവിലെ ഏഴിന് തൊമ്മൻകുത്തിൽ നിന്നാണ് തുടക്കം. തുടർന്ന് വെൺമറ്റം, ചീങ്കൽസിറ്റി, എഴുപതേക്കർ, മുണ്ടൻമുടി, ബ്ലാത്തിക്കവല, പട്ടയക്കുടി, വെള്ളെള്ള്, വെള്ളക്കയം, തറുതല, മുള്ളരിങ്ങാട്, വണ്ണപ്പുറം ടൗൺ, അമ്പലപ്പടി, ഒടിയപാറ, മുള്ളൻകുത്തി, കാളിയാർ, എസ്റ്റേറ്റ്പടി, കൊടുവേലി, കോടിക്കുളം, ഇല്ലിച്ചുവട്, കുളത്തിങ്കൽ, ചെറുതോട്ടിൻകര, നെടുമറ്റം, മണിക്കുന്നേൽപീടിക, എഴുമുട്ടം, കരിമണ്ണൂർ, നെയ്യശേരിക്കവല, നെയ്യശേരി, മുളപ്പുറം, കോട്ടക്കവല, എച്ച്എസ് കവല, പന്നൂർ, തട്ടക്കുഴ, മഞ്ചിക്കല്ല്, ചീനിക്കുഴി, ഉപ്പുകുന്ന്, പെരിങ്ങാശേരി, ആൾക്കല്ല്, പരിയാരംകോട്ട, അമയപ്ര സ്‌കൂൾ, ചാക്കപ്പൻകവല, പാറേക്കവല എന്നിവിടങ്ങളിൽ പര്യടനം നടത്തി ഉടുമ്പന്നൂരിൽ സമാപിക്കും.