തൊടുപുഴ: ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതേതര സർക്കാർ രൂപീകരിക്കാനുള്ള കേരളജനതയുടെ അതിയായ ആഗ്രഹംകാരണം ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 20ൽ 20 സീറ്റും നേടി വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന് എതിർക്കുന്ന സി.പി.എം രാജ്യത്തെ വർഗീയതയ്ക്കെതിരായ ദേശീയ കൂട്ടായ്മയെയാണ് ഇല്ലാതാക്കുന്നത്. കേരളത്തിലെ സി.പി.എം നേതാക്കളുടെ എതിർപ്പുകാരണമാണ് ദേശിയ ജനാധിപത്യമുന്നണി രൂപപ്പെടാതെ പോയത്. അതുകൊണ്ട് കോൺഗ്രസിനെ സംബന്ധിച്ച് കേരളത്തിൽ സി.പി.എമ്മും കേന്ദ്രത്തിൽ ബി.ജെ.പിയുമാണ് മുഖ്യശത്രുക്കൾ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. സി.പി.എമ്മും ബി.ജെ.പിയും ഈ കാര്യത്തിൽ അവസരവാദികളാണ്. യു.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവക പള്ളികളുടെ സ്വത്തിന്മേൽ തർക്കമുണ്ടായാൽ അത് പരിഹരിക്കാനുള്ള ചുതമല കാനൻ നിയമപ്രകാരം പുരോഹിതർക്കാണ്. സുന്നി പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കണമോയെന്ന് തീരുമാനിക്കേണ്ടത് മതപണ്ഡിതരാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നത് ശരിയല്ല. ചർച്ച് ആക്ട് സംബന്ധിച്ച് ബിഷപ്പുമാർ ആശങ്ക രേഖപ്പെടുത്തിയപ്പോൾ തത്കാലം നടപ്പിലാക്കുന്നില്ലെന്നാണ് സർക്കാർ പറഞ്ഞതെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടപ്പിലാക്കുമെന്നാണ് അതിനർത്ഥം. ശബരിമല ഒരു മതേതരവിശ്വാസ കേന്ദ്രമാണ്. അവിടെ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിട്ടില്ല. എന്നാൽ ചില നിയന്ത്രണങ്ങളുണ്ട്. യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് യു.ഡി.എഫിന്റെ എക്കാലത്തെയും നിലപാട്. ഇടുക്കിയിലെ കർഷകർ കടക്കെണിമൂലം ആത്മഹത്യ ചെയ്തപ്പോൾ ചെറുവിരൽ അനക്കാതിരുന്ന സർക്കാർ താൻ ഉപവസിച്ചപ്പോൾ സടകുടഞ്ഞ് എണീറ്റു. അടിയന്തര മന്ത്രിസഭായോഗം ചേർന്ന് കർഷകരുടെ എല്ലാ വായ്പകൾക്കും മോറട്ടോറിയം പ്രഖ്യാപിക്കുമെന്ന് തീരുമാനിച്ചു. സാധാരണ മന്ത്രിസഭായോഗം എടുക്കുന്ന തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങണം. കാർഷിക കടങ്ങളുടെ കാര്യത്തിൽ എടുത്ത തീരുമാനം ഉത്തരവായി ഇറങ്ങിയില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും അറിയുന്നത് തിരഞ്ഞെടുപ്പ് പ്റഖ്യാപനം വന്നതിന് ശേഷമാണ്. അതിന്റെ പേരിൽ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ശാസിച്ചു എന്നാണ് കേട്ടത്. പിണറായി വിജയൻ പറഞ്ഞാൽ ചീഫ് സെക്രട്ടറി എന്നല്ല ഒരു പ്യൂൺ പോലും അനുസരിക്കില്ലെന്നതാണ് യാഥാർത്ഥ്യം. ഇത്രയും കഴിവുകെട്ടൊരു മുഖ്യമന്ത്രിയും മന്ത്രിസഭയും കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ പഴയ മുനിസിപ്പൽ മൈതാനത്ത് ചേർന്ന കൺവെൻഷനിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ്, പി.ജെ. ജോസഫ് എം.എൽ.എ, കെ.എം.എ ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.