രാജാക്കാട്: കഞ്ചാവ് പൊതികളാക്കി വിൽക്കാൻ ശ്രമിച്ചയാളെ ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസ് സംഘം പിടികൂടി. കടശ്ശിക്കടവ് ശിവൻ കോളനിയിൽ യോഗേഷ് ഭവനത്തിൽ ദൈവമാണ്(48) അറസ്റ്റിലായത്. 111 പൊതികളിലായി 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കമ്പത്തു നിന്ന് 5000 രൂപ നൽകിയാണ് ഇയാൾ കഞ്ചാവ് വാങ്ങിയത്. തമിഴ്നാട്ടിൽ കഞ്ചാവിനുള്ള തുക നൽകുകയും ഇതിന്റെ ഏജന്റ് ഒന്നാം മൈലിൽ സാധനം എത്തിച്ച് നൽകുകയുമായിരുന്നു പതിവ്. പൊതി ഒന്നിന് 200 രൂപയ്ക്കാണ് വില്പന നടത്തി വന്നിരുന്നത്. പൊതി വാങ്ങാനെന്ന വ്യാജേന ഇയാളെ എക്‌സൈസ് ഉദ്യോഗസ്ഥൻ സമീപിക്കുകയായിരുന്നു. വിൽപ്പനയ്ക്കുള്ള പൊതികൾ കൈകളിൽ കരുതുകയും ബാക്കി പൊതികൾ വീട്ടിൽ സൂക്ഷിക്കുകയുമായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി പ്രമോദ്,കെ.ആർ ബാലൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ലിജോ ജോസഫ്, കെ.എസ് അനൂപ്,എം.ആർ രതീഷ് കുമാർ,എം.എസ് അരുൺ,കെ.ഷനേജ്,പി.സി റജി എന്നിവർ പങ്കെടുത്തു.