തൊടുപുഴ: വണ്ണപ്പുറം മേഖലയിൽ അന്യസംസ്ഥാന ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. സംഘം നിരവധി പാവപ്പെട്ട സ്ത്രീകൾക്ക് അമിത പലിശയ്ക്ക് വ്യാപകമായി പണം നൽകിയിട്ടുണ്ടെന്നാണ് വിവരം. പലിശ പണം മുടങ്ങിയാൽ ഇവരെ ഭീഷണിപ്പെടുത്തുന്നതും അപമര്യാദയായി പെരുമാറുന്നതും പതിവായിട്ടുണ്ട്. വീട്ടമ്മമാരായ സ്ത്രീകൾക്ക് പണം നൽകാനാണ് ഇവർക്ക് കൂടുതൽ താത്പര്യം. അയ്യായിരം രൂപ നൽകിയാൽ 500 രൂപ വീതം 12 ആഴ്ചകൾ കൊണ്ട് തുക മടക്കി നൽകണം. പണം കടം വാങ്ങിയവർക്ക് നൽകുന്ന കാർഡിന് 125 രൂപയും പലിശക്കാർ ഈടാക്കുന്നുണ്ട്. വണ്ണപ്പുറം ടൗണിലുള്ള വ്യാപാര സ്ഥാപനങ്ങളിലും മറ്റും പലിശയ്ക്ക് പണം നൽകി വൈകിട്ട് പിരിവ് നടത്തുന്നവരും ഇവിടെ സജീവമാണ്. ഒരു തവണ ബ്ളേഡുകാരിൽ നിന്ന് പണം വാങ്ങിയാൽ ഊരിപോകാൻ കഴിയാതെ ഊരാക്കുടുക്കിൽപ്പെടുകയാണ് ജനം. ഇതിനെതിരെ പൊലീസിലും മറ്റും നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. അധികാരികളുടെ മൗനാനുവാദത്തോടെയാണ് ബ്ലേഡ് മാഫിയകൾ സജീവമാകുന്നതെന്നാണ് ആക്ഷേപം. മുൻ സർക്കാരിന്റെ കാലത്ത് കൊള്ളപ്പലിശക്കാർക്കെതിരെ കുബേരയിൽപ്പെടുത്തി കേസെടുത്തിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടുന്നതിനായി തവണ വ്യവസ്ഥയിലുള്ള തുണിക്കച്ചവടത്തിന്റെയും മറ്റും മറവിലാണ് ബ്ളേഡ് മാഫിയ ഇവിടെ കൊള്ളപ്പലിശയ്ക്ക് പണം നൽകുന്നത്. ബ്ളേഡ് മാഫിയയ്ക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.