അടിമാലി: മൂന്ന് വർഷത്തോളമായി കള്ളന്മാരുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ഈ കർഷകൻ. ബൈസൺവാലി ടീ കമ്പനി സ്വദേശിയും തേനീച്ച കർഷകനുമായ മുത്തുസ്വാമിയാണ് മോഷ്ടാക്കൾ കാരണം ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുന്നത്. മുത്തുസ്വാമിയുടെ പുരയിടത്തിൽ സ്ഥാപിച്ചിട്ടുള്ള തേനീച്ച കോളനികൾ സ്ഥിരമായി ഒന്നോ അതിലധികമോ കള്ളന്മാർ മോഷ്ടിക്കുന്നു. ഒന്നും രണ്ടുമല്ല ഇക്കാലത്തിനിടയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഈ കർഷകന് മോഷ്ടാക്കൾ വരുത്തിവച്ചത്. ഉപജീവനമാർഗത്തിനായി മുത്തുസ്വാമി ടീകമ്പനിയിൽ ചെറിയൊരു ചായക്കട നടത്തിവരുമ്പോഴായിരുന്നു 20 വർഷം മുമ്പ് തേനീച്ച വളർത്തലാരംഭിച്ചത്. മെച്ചപ്പെട്ട വരുമാനം ലഭിച്ച് തുടങ്ങിയതോടെ കൂടുതൽ തേനീച്ച കോളനികൾ ആരംഭിച്ചു. വീടിന് സമീപത്തെ ഏലത്തോട്ടത്തിലാണ് തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുള്ളത്. ജീവിതം പച്ചപിടിച്ച് വരുമ്പോഴാണ് കഷ്ടകാലം കള്ളന്റെ രൂപത്തിൽ വന്നത്. തേനീച്ച കോളനികൾക്കൊപ്പം തേനും കള്ളൻ അടിച്ചുമാറ്റുന്നുണ്ട്. 2000 രൂപയാണ് ഒരു തേനീച്ച കോളനിയുടെ വില. 100 തേനീച്ച കോളനികളിൽ പാതിയോളം മോഷ്ടിക്കപ്പെട്ടെന്ന് മുത്തുസ്വാമി പറഞ്ഞു. ഇനിയും മൗനം പാലിച്ചാൽ തന്റെ തേനീച്ച കൃഷി തന്നെ ഇല്ലാതാകുമെന്ന സാഹചര്യത്തിലാണ് രാജാക്കാട് പൊലീസിൽ പരാതി നൽകിയതെന്നും മുത്തുസ്വാമി പറഞ്ഞു.