ഇടുക്കി : പെരുമാറ്റചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി നല്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സി വിജിൽ മൊബൈൽ ആപ്പ് മുഖേന ജില്ലയിൽ ഇതുവരെ ലഭിച്ചത് 31 പരാതികൾ. ഇതിൽ 25 പരാതികൾ പരിഹരിച്ചു. ബാക്കിയുള്ള ആറു പരാതികളിൽ തുടർനടപടി സ്വീകരിച്ചു വരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന 5848 പോസ്റ്ററുകളും 373 ബാനറുകളും ആന്റി ഡിഫേയ്സ്‌മെന്റെ് സ്‌ക്വാഡുകൾ നീക്കം ചെയ്തു.
നാമനിർദ്ദേശപത്രികാ സമർപ്പണം ആരംഭിക്കുന്ന ഇന്നു മുതൽ ജില്ലയിൽ നിലവിലുള്ളതിനു പുറമെ പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ആന്റി ഡിഫേയ്സ്‌മെന്റെ് സ്‌ക്വാഡ് കൂടി പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.
ബോർഡ് നീക്കം ചെയ്തു
ഇടുക്കി : തൊടുപുഴയിൽ സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോർഡിനെ സംബന്ധിച്ച് സി വിജിലിൽ രജിസ്റ്റർ ചെയ്ത പരാതിയെ തുടർന്ന് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി ബോർഡ് നീക്കം ചെയ്തു.
പോസ്റ്ററുകൾ , ഫ്ളക്സ്‌ബോർഡുകൾ എന്നിവ നീക്കി
ഇടുക്കി : തൊടുപുഴ നിയോജകമണ്ഡലത്തിലെ തൊടുപുഴ, കരിമണ്ണൂർ, അമയപ്ര, മണക്കാട്, കരിങ്കുന്നം, നടുക്കണ്ടം, മുട്ടം,കോളപ്ര, തുടങ്ങനാട്, വെള്ളിയാമറ്റം, ആലക്കോട്, ഇടവെട്ടി, കലയന്താനി എന്നീ പ്രദേശങ്ങളിൽ ആന്റി ഡിപേയ്സ്‌മെന്റ് സ്‌ക്വാഡ് നിരീക്ഷണം നടത്തി പൊതുസ്ഥലത്ത് സ്ഥാപിച്ച 221പോസ്റ്ററുകൾ, 2 ഫ്ളക്സുകൾ, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച 15ഫ്ളക്സ്‌ബോർഡുകൾ , 20 കൊടികൾ എന്നിവ നീക്കം ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പ്; പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
ഇടുക്കി : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡിഫേഴ്സ്‌മെന്റ് സ്‌ക്വാഡിൽ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ നടത്തി. അഡീഷണൽ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. പ്രകാശ് ക്ലാസ് നയിച്ചു. എക്സ്പൻഡിച്ചർ മോണിറ്ററിംഗ് കമ്മിറ്റി നോഡൽ ഓഫീസർ അജി ഫ്രാൻസീസ്, എം.പിഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.
വോട്ടർപട്ടിക പരിശോധിക്കാം;സംശയം തീർക്കാം
ഇടുക്കി : വോട്ടർ വെരിഫിക്കേഷൻ ആന്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം പൊതുജനങ്ങൾക്ക് വോട്ടർപട്ടിക പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിനും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമ്പർക്കകേന്ദ്രങ്ങൾ ആരംഭിച്ചു. പൊതുജനങ്ങൾക്ക് 1950 എന്ന ഹെൽപ് ലൈൻ നമ്പർ മുഖേന കേന്ദ്രവുമായി ബന്ധപ്പെട്ട് വോട്ടർപട്ടിക സംബന്ധിച്ചുള്ള സംശയനിവാരണം നടത്താം. ഫോൺ ചെയ്യുന്ന ആൾ അപ്പോൾ നിൽക്കുന്ന ജില്ലയിലെ വിവരങ്ങളാണ് ലഭിക്കുന്നത്. മറ്റ് ജില്ലകളിലെ വിവരങ്ങൾ ലഭിക്കുവാൻ പ്രസ്തുതജില്ലയിലെ എസ്.റ്റി.ഡി കോഡ് ചേർത്ത് ഡയൽ ചെയ്യണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ 1800-425-1965 എന്നടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്ന ഒരുകോൾസെന്ററും പ്രവർത്തിക്കുന്നുണ്ട്. വോട്ടർ ഹെൽപ് ലൈൻ എന്നപേരിൽ ഒരു മൊബൈൽ ആപ്പും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്. ആപ് മുഖേന പൊതുജനങ്ങൾക്ക് വോട്ടർപട്ടികയിൽ തങ്ങളുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ഇല്ലെങ്കിൽ പേര്‌ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിന് ബൂത്ത് മാറ്റുന്നതിനുമുള്ള അപേക്ഷ സമർപ്പിക്കുന്നതിനും അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയുവാനും പരാതികൾ സമർപ്പിക്കുന്നതിനും സൗകര്യമുണ്ട്.