ഇടുക്കി : ഇടുക്കി ലോക്സഭ മണ്ഡലത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ തങ്ങൾക്കനുകൂലമാണെന്ന് എൻ.ഡി.എ നേതാക്കൾ. പതിറ്റാണ്ടുകളായി ആചരിച്ചുപോരുന്ന വിശ്വാസങ്ങളിൽ സംസ്ഥാന സർക്കാർ നടത്തിയ അനാവശ്യകടന്നുകയറ്റം ഒരുപാടുപേരുടെ മനസിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. അത്തരം വ്രണിതഹൃദയർ ഏപ്രിൽ 23 നുവേണ്ടി കാത്തിരിക്കുകയാണ്. കർഷക ആത്മഹത്യ ഉൾപ്പെടെയുള്ള മലയോര ജനതയുടെ നീറുന്നപ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരും എം.പിയും സ്വീകരിച്ച നിഷേധാത്മക സമീപനത്തിന് വോട്ടർമാർ പകരം ചോദിക്കുമെന്നും നേതാക്കൾ തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ ജനങ്ങളെ പേടിപ്പിച്ചാണ് കഴിഞ്ഞതവണ ഇടതുമുന്നണി വിജയിച്ചത്. ഇത്തവണ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഒരുവാക്കുപോലും മിണ്ടാനില്ലാത്ത സ്ഥിതിയിലാണ് അവർ. ഇടുക്കി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ എൻ.ഡി.എ സർക്കാരിന്റെ സംഭാവനമാത്രമാണ്. ജോയ്സ് ജോർജ് നടത്തുന്ന പ്രചരണങ്ങൾ വ്യാജവും അപഹാസ്യവുമാണ്. കഴിഞ്ഞ 5 വർഷം നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമപദ്ധതികൾ എന്തൊക്കെയാണന്ന് ജോയ്സ് ജോർജ് പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. 2014 ലേതിനേക്കാൾ കൂടുതൽ സീറ്റുകളുമായി കേന്ദ്രത്തിൽ എൻ.ഡി.എ യ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമ്പോൾ അതിനെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിയുന്നവരാണ് ഇടുക്കിയിലെ വോട്ടർമാരിൽ ഭൂരിപക്ഷവും. എൻ.ഡി.എ സ്ഥാനാർത്ഥി ബിജുകൃഷ്ണന്റെ വിജയം ഉറപ്പാക്കുന്നതിന് ബൂത്തുതലത്തിൽ സ്‌ക്വാഡ് പ്രവർത്തനവും ഗൃഹസമ്പർക്കപരിപാടികളും കാര്യക്ഷമമായി നടന്നുവരികയാണ്.
പ്രചരണപരിപാടികൾക്ക് കൂടുതൽ ഊർജം പകർന്നുകൊണ്ട് ലോക്സഭാമണ്ഡലം കൺവെൻഷൻ ഇന്ന് ഉച്ചക്ക് 2ന് തൊടുപുഴ മൗര്യ ഗാർഡനിൽ എൻ.ഡി.എ സംസഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിക്കും. എൻ.ഡി.എ സംസ്ഥാന ചെയർമാൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധൻ, ജില്ലാപ്രസിഡന്റ് ബിനു ജെ. കൈമൾ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.മാത്യു തോട്ടുങ്കൽ , നാഷണലിസ്റ്റ് കേരളകോൺഗ്രസ് നേതാവ് ബിബിൻ, ബിജു മണ്ഡപം എന്നിവർ പ്രസംഗിക്കും. പാർലമെന്റ് മണ്ഡലം കൺവീനർ പി.എ വേലുക്കുട്ടൻ സ്വാഗതവും, ബിജെപി ജില്ലാ ജനറൽസെക്രട്ടറി കെ.എസ് അജി നന്ദിയും പറയും. ഏപ്രിൽ 4 മുതൽ 20 വരെ സ്ഥാനാർത്ഥിയുടെ രണ്ടാംഘട്ട പര്യടനം നടക്കും.
പത്രസമ്മേളനത്തിൽ എൻ.ഡി.എ ജില്ല കൺവീനർ പി.രാജൻ, ചെയർമാൻ ബിനു ജെ.കൈമൾ, പി എ വേലുക്കുട്ടൻ, കേരളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പോൾ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.