കട്ടപ്പന: മുന്നണിക്കുള്ളില അപസ്വരങ്ങൾ നിഷ്പ്രഭമാക്കി കട്ടപ്പന നഗരസഭയുടെ മൂന്നാമത്തെ ചെയർമാനായി ജോയി വെട്ടിക്കുഴി തിരഞ്ഞെടുക്കപ്പെട്ടു.
എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ ഗിരീഷ് മാലിയിലിനെ 13 നെതിരെ 19 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വെട്ടിക്കുഴി ചെയർമാനായത്. രണ്ട് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മൂന്നാർ ഭൂമിപതിവ് ഡെപ്യൂട്ടി കലക്ടർ എം.എസ്. സലിം വരണാധികാരിയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം നടന്ന യോഗത്തിൽ പുതിയ ചെയർമാൻ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
ആദ്യത്തെയും അവസാനത്തെയും ഒന്നേമുക്കാൽ വർഷം വീതം കോൺഗ്രസിനും ഇടയ്ക്കുള്ള ഒന്നരവർഷം കേരള കോൺഗ്രസ് (എം)നും ചെയർമാൻ സ്ഥാനം വീതംവച്ചായിരുന്നു യുഡിഎഫ് ഭരണത്തിലേറിയത്. ഇതനുസരിച്ച് ആദ്യ ചെയർമാനായ കോൺഗ്രസിലെ ജോണി കുളംപള്ളിയും രണ്ടാമൻ കേരള കോൺഗ്രസ് (എം)ലെ മനോജ് എം.തോമസും കാലാവധി പൂർത്തിയാക്കി രാജിവച്ചു. തുടർന്നുള്ള കാലയളവിൽ അദ്ധ്യക്ഷസ്ഥാനം ഡിസിസി വൈസ് പ്രസിഡന്റും കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോയി വെട്ടിക്കുഴിക്ക് നറുക്കുവീണു. ഇതിനെതിരെ കോൺഗ്രസിൽ നിന്നുതന്നെ എതിർപ്പ് തലപൊക്കിയതോടെ കെ.പി.സി.സി പ്രശ്നത്തിൽ ഇടപെട്ടു. ഒന്നിലധികം പദവികൾ വഹിക്കുന്നവരെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചാൽ മറ്റ് സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് കോൺഗ്രസിലെ 9 കൗൺസിലർമാർ ഡിസിസി പ്രസിഡന്റിനെ സമീപിച്ചതാണ് പ്രശ്നമായത്. പാർലമെന്ററി പാർട്ടി യോഗത്തിലും ഇതേ ആവശ്യമുയർന്നതോടെ അന്തിമതീരുമാനം കെപിസിസിക്ക് വിട്ടു. എന്നാൽ നേരത്തെ തീരുമാനിച്ചപോലെ ജോയി വെട്ടിക്കുഴി തന്നെ ചെയർമാൻ ആകട്ടെയന്ന തീരുമാനം ഉണ്ടാവുകയും ഇന്നലെ രാവിലെ യുഡിഎഫ് അംഗങ്ങൾക്ക് ഡിസിസി പ്രസിഡന്റ് വിപ്പ് നൽകുകയും ചെയ്തതോടെ വിമതശബ്ദം കെട്ടടങ്ങുകയായിരുന്നു.
എഐസിസി അംഗം ഇഎം ആഗസ്തി, റോഷി അഗസ്റ്റിൻ എംഎൽഎ, യുഡിഎഫ് ജില്ലാ കൺവീനർ അലക്‌സ് കോഴിമല തുടങ്ങിയവർ നേരിട്ടും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് തുടങ്ങിയവർ ഫോണിലൂടെയും ജോയി വെട്ടിക്കുഴിയെ അഭിനന്ദിച്ചു.