തൊടുപുഴ : മലങ്കര സംഭരണിയിൽ നിന്ന് തുറന്നുവിട്ട അധികജലവും വൈകിട്ട് പെയ്ത വേനൽമഴയും തൊടുപുഴയെ തെല്ലൊന്നു തണുപ്പിച്ചു.

മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉൽപ്പാദനം പരമാവധിയിലേക്ക് ഉയർത്തിയതോടെ മലങ്കരയിലെ ജലനിരപ്പ് 41.98 മീറ്ററായി ഉയർന്നു.കടുത്ത വേനലിൽ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതാണ് ഉൽപ്പാദനം കൂട്ടാൻ കെ.എസ്.ഇ.ബിയെ നിർബന്ധിതമാക്കിയത്. ഇതേ തുടർന്ന് മൂലമറ്റം പവർ ഹൗസിൽ നിന്നും പുറംതള്ളുന്ന വെള്ളത്തിന്റെ അളവും ക്രമാതീതമായി ഉയർന്നു. മലങ്കര അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. ജലനിരപ്പ് സംഭരണശേഷിക്ക് തൊട്ടടുത്ത് എത്തിയതോടെ അധികൃതർ ജാഗ്രതാനിർദ്ദേശം നൽകിയശേഷം നാലാം നമ്പർ ഷട്ടർ 30 സെ. മീറ്റർ ഉയർത്തി തൊടുപുഴയാറ്റിലേക്ക് വെള്ളം ഒഴുക്കിവിടുകയായിരുന്നു . കടുത്ത വേനൽ പരിഗണിച്ച് ഏതാനും മാസങ്ങളായി ഡാമിന്റെ ഇടത് - വലത് കനാലുകളിലൂടെ വെള്ളം തുറന്നുവിടുന്നുണ്ടായിരുന്നു. ഇന്നലെത്തെ പ്രത്യേക സാഹചര്യത്തിൽ ആറ്റിലേക്ക് തുറന്നുവിട്ടത് കൂടാതെ കനാലിലൂടെയുള്ള നീരൊഴുക്കും വർദ്ധിപ്പിച്ചു. 1.30 മീറ്റർ ഉയരത്തിലാണ് ഇരുകനാലിലും വെള്ളം ഒഴുക്കിവിട്ടത്. സാധാരണ വേനൽക്കാലത്തും നന്നായി നീരൊഴുക്കുള്ള തൊടുപുഴയാറിൽ ഇന്നലെ അധികജലംകൂടി എത്തിയത് സമീപത്തെ കിണറുകൾക്കും പുത്തനുർണവായി. അതിനിടെയാണ് വൈകിട്ട് അരമണിക്കൂറോളം നീണ്ടുനിന്ന വേനൽമഴയും ലഭിച്ചത്.