തൊടുപുഴ: അഞ്ചുവർഷം വിശ്രമരഹിതമായി പ്രവർത്തിച്ചതിന് ജനങ്ങളുടെ സ്‌നേഹോപഹാരം വോട്ടായി മാറുമെന്നും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ജോയ്സ് ജോർജ്.
തൊമ്മൻകുത്തിൽ നിന്നും ഇന്നലത്തെ പര്യടനം ആരംഭിച്ചപ്പോൾ നാട്ടുകാർ നൽകിയ സ്നേഹാദരവുകളാണ് സ്ഥാനാർത്ഥിയെ ആവേശഭരിതനാക്കിയത്. വോട്ടർമാരോട് കുശലാന്വേഷണം നടത്തിയും വീണ്ടും ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്തുമായിരുന്നു സ്ഥാനാർത്ഥിയുടെ പ്രയാണം. തൊടുപുഴ - വണ്ണപ്പുറം റോഡും, വണ്ണപ്പുറം- ചേലച്ചുവട് റോഡും സെൻട്രൽ റോഡ് ഫണ്ടിൽ (സിആർഎഫ്) ഏറ്റെടുത്ത് നിർമ്മാണം നടത്തുമെന്നും തൊമ്മൻകുത്ത് നിവാസികൾക്ക് ഉറപ്പുനൽകി .തൊടുപുഴ നഗരത്തിന് പുറത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇനിയും എത്തിച്ചേരേണ്ടതുണ്ടെന്നും അതിനായി മുൻകയ്യെടുക്കേണ്ടതുണ്ടെന്നും സ്ഥാനാർത്ഥി പറഞ്ഞു. എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.കെ. ശിവരാമൻ രണ്ടാംദിന പര്യടനം ഉദ്ഘാടനം ചെയ്തു. പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ.പി. മേരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വെൺമറ്റം, പട്ടയക്കുടി, മുള്ളരിങ്ങാട്, വണ്ണപ്പുറം ടൗൺ, കാളിയാർ, കോടിക്കുളം, നെടുമറ്റം, കരിമണ്ണൂർ, തട്ടക്കുഴ, ചീനിക്കുഴി, ഉപ്പുകുന്ന്, പെരിങ്ങാശ്ശേരി, പാറേക്കവല എന്നീ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് ഉടുമ്പന്നൂർ ടൗണിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ വി.വി. മത്തായി, കെ. സലീം കുമാർ, ടി.പി. ജോസഫ്, പി.കെ. വിനോദ്, പി.പി. ജോയി, മുഹമ്മദ് ഫൈസൽ, എം.ആർ. സഹജൻ, വി.ആർ. പ്രമോദ്, എൻ. സദാനന്ദൻ, എം.എം. സുലൈമാൻ, ടി.ആർ. സോമൻ, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ജോയ്സ് ജോർജ് ഇന്ന് പത്രിക നല്കും
തൊടുപുഴ: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30 ന് പൈനാവിൽ നിന്ന് മുതിർന്ന നേതാക്കളോടൊപ്പമെത്തിയാണ് പത്രിക സമർപ്പിക്കുന്നത്. മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയും പ്രാർത്ഥനയുമുണ്ടാകണമെന്ന് സ്ഥാനാർത്ഥി വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനും ഇടുക്കിയിലുണ്ടായ ജനങ്ങളുടെ ഐക്യബോധവും കെട്ടുറുപ്പും പുറംലോകത്തെ അറിയിക്കുന്നതിനും വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.