അടിമാലി: ദേവികുളം മണ്ഡലത്തിലെ കാർഷിക, തോട്ടം മേഖലകളിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ ആദ്യഘട്ട പര്യടനം പൂർത്തിയായി. രാവിലെ അടിമാലി പത്താം മൈലിൽ നിന്നാണ് പരട്യനം ആരംഭിച്ചത്. കർഷകരും തോട്ടം തൊഴിലാളികളുമുൾപ്പെടെ നൂറുകണക്കിന് വോട്ടർമാർ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. എൻഡി.എ നേതാക്കളായ കെ.എസ്. അജി, സോജൻ ജോസഫ്, വി.എൻ.സരേഷ് തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. ഇരുമ്പുപാലം, കമ്പിലൈൻ, കല്ലാർ, കൂമ്പൻപാറ, പള്ളിവാസൽ, മൂന്നാർ, ബൈസൻവാലി, കഞ്ചിത്തണ്ണി, ആനമ്പാൽ, വെള്ളതൂവൽ, കല്ലാർകുട്ടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി വൈകിട്ട് അടിമാലിയിൽ പര്യടനം സമാപിച്ചു.

കാർഷികമേഖലയുടെ തകർച്ചയിൽ നട്ടം തിരിയുമ്പോൾ മോദി സർക്കാർ നൽകിയ കിസാൻ സമ്മാന പദ്ധതികളടക്കമുള്ള സഹായങ്ങൾ ഇനിയും തുടരേണ്ടത് ആവശ്യമാണ് വിളിച്ചുപറയുന്ന കർഷകരുടെ വികാരമായിരുന്നു തനിക്ക് ലഭിച്ച ഓരോ സ്വീകരണ യോഗങ്ങളിലേയും ജനപങ്കാളിത്തമെന്ന് സ്ഥാനാർത്ഥി ബിജു കൃഷ്ണൻ പറഞ്ഞു. തോട്ടം തൊഴിലാളികളെ വഞ്ചിച്ച ഇരുമുന്നണികളുടെയും ജനപ്രതിനിധികൾ സാധാരണക്കാരെ മുന്നിൽനിർത്തി വൻ ഭൂമി കയ്യേറ്റത്തിന് നേത്യത്വം കൊടുത്തവരാണ്. രാജ്യത്ത് അഴിമതി രഹിത സുദൃഢഭരണം തുടരേണ്ടതിന്റെ ആവശ്യം ജനങ്ങൾക്ക് ബോധ്യമായിക്കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവാണ് കത്തുന്ന ചൂടിനെപ്പോലും അവഗണിച്ച് ജനങ്ങൾ എൻ.ഡി.എ നൽകുന്ന പിന്തുണയെന്ന് ബിജു കൃഷ്ണൻ പറഞ്ഞു.

ഇന്ന് തൊടുപുഴ മണ്ഡലത്തിൽ ബിജു കൃഷ്ണൻ പര്യടനം നടത്തും. രാവിലെ 8.30ന് കാഞ്ഞിരമറ്റത്ത് നിന്ന് പര്യടനം ആരംഭിക്കും. മുതലിയാർമഠം, കാരിക്കാട്, മങ്ങാട്ടുകവല, ഷാപ്പുംപടി, വെങ്ങല്ലൂർ, മണക്കാട്, നെടിയശാല, വഴിത്തല, പുറപ്പുഴ, കരിങ്കുന്നം, പുത്തൻപള്ളി, മുട്ടം, മ്രാല, എന്നിവടങ്ങളിൽ വോട്ടർമാരെകണ്ട് വോട്ടഭ്യർത്ഥിച്ച് വൈകിട്ട് കോലാനിയിൽ സമാപിക്കും.