ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന് ഹൈറേഞ്ചിലെ കുടിയേറ്റ മേഖലകളിൽ ആവേശകരമായ സ്വീകരണം. രാവിലെ രാജാക്കാട് നിന്നാണ് സ്ഥാനാർത്ഥിയുടെ ഇന്നലത്തെ സൗഹൃദ സന്ദർശനം ആരംഭിച്ചത്. നൂറു കണക്കിന് യു.ഡി.എഫ് പ്രവർത്തകർ സ്ഥാനാർത്ഥിക്ക് അകമ്പടിയായി . കർഷക ജനതയുടെ ആവലാതികളെല്ലാം സ്ഥാനാർത്ഥി കേട്ടറിഞ്ഞു. ഇതിനിടെ മേഖലയിലെ ആരാധനാലയങ്ങളിലും സ്‌കൂളുകളിലും ഡീൻ സൗഹൃദ സന്ദർശനം നടത്തി. കുടിയേറ്റ പ്രദേശങ്ങളായ രാജാക്കാട്, രാജകുമാരി, എൻ.ആർ.സിറ്റി, ശാന്തൻപാറ, സേനാപതി, കുരുവിളാ സിറ്റി, മുരിക്കും തൊട്ടി, മാങ്ങാത്തൊട്ടി, പൂപ്പാറ, കുളപ്പാറച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. കുളപ്പാറച്ചാൽ കിൻഫ്ര കോട്ടൻ ക്ലോത്ത് കമ്പനിയിലെത്തിയ സ്ഥാനാർത്ഥിയെ 350 ഓളം ജീവനക്കാർ ചേർന്നാണ് സ്വീകരിച്ചത്. ഇടുക്കി ജനതയുടെ ഏതൊരാവശ്യത്തിനും താൻ കൂടെയുണ്ടെന്ന് സ്ഥാനാർത്ഥി ഉറപ്പുനൽകി. രാജകുമാരി ഗലീലക്കുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി, രാജകുമാരി ഐ ടി ഐ, രാജകുമാരി നോർത്ത് എസ് എൻ ഡി പി ശാഖ', കുരുവിള സിറ്റി സെന്റ് ജോർജ് പബ്ലിക് സ്‌കൂൾ, മുരിക്കും തൊട്ടി മാർ മാത്യൂസ് പബ്ലിക് സ്‌കൂൾ, പൂപ്പാറ എം.ജി യുപിഎസ്, മുരിക്കും തൊട്ടി തർബായത്തുൽ ഇസ്ലാം മദ്രസ, മുരിക്കും തൊട്ടി മോണ്ട് ഫോർട്ട് വാലി സീനിയർ സെക്കൻഡറി സ്‌കൂൾ, പൂപ്പാറ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ്, കുരുവിളാ സിറ്റി ആശ്രമം, രാജകുമാരി എൻ.എസ്. എസ് കോളജ്, രാജകുമാരി ദൈവമാതാ പള്ളി, രാജകുമാരി സേനാപതി പഞ്ചായത്ത് ഓഫീസുകൾ, മാങ്ങാത്തൊട്ടി സെന്റ് മേരീസ് സ്‌കൂൾ, കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ, എസ്.എച്ച് കോൺവന്റ്, സി.എസ്.ടി ആശ്രമം എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സൗഹ്യദ സന്ദർശനം നടത്തി. തുടർന്ന് കുമളിയിൽ പീരുമേട് നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷനിലും പങ്കെടുത്തു.