രാജാക്കാട്: സ്‌കൂൾ പരിസരത്ത് കഞ്ചാവ് വിൽക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അരിവിളാംചാൽ സ്വദേശി എബിൻ (20) ആണ് ഉടുമ്പൻചോല എസ്.ഐ പി.പി.ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. സേനാപതിയിൽ സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് ഇന്നലെ പൊലീസ് പരിശോധന നടത്തിയത്. ഇയാളിൽ നിന്നും 12 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി. ഇയാളിൽനിന്നും പതിവായി കഞ്ചാവ് വാങ്ങി ഉപയോഗിച്ചുകൊണ്ടിരുന്ന മറ്റൊരു യുവാവിനെ പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.