തൊടുപുഴ: ഐക്യ മല അരയമഹാസഭ ജില്ലാ സമ്മേളനം 31ന് തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം, സർക്കാർ സർവീസുകളിൽ പട്ടികവിഭാഗങ്ങൾക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ളതിൽ ഒഴിഞ്ഞുകിടക്കുന്ന 2000 തസ്തികകളിലെ നിയമനം, വനാവകാശനിയമം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും അർഹമായ പ്രാതിനിധ്യം, ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തുടങ്ങി സമുദായം മുന്നോട്ടുവയ്ക്കുന്ന അടിയന്തരാവശ്യങ്ങൾ സമ്മേളനം ചർച്ചചെയ്യും. മാറിമാറി വരുന്ന സർക്കാരുകൾ ആദിവാസി സമൂഹത്തോട് കാട്ടുന്ന നീതിനിക്ഷേധത്തിനെതിരെ പിന്നാക്ക സമുദായങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുകയെന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ മല അരയ സമൂഹം സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചർച്ചചെയ്ത് തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി 31ന് രാവിലെ ഒമ്പതിന് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് വാദ്യമേളങ്ങളുടെയും തനത് കലാരൂപങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര ആരംഭിക്കും. തുടർന്ന് അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം സഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. പി.ആർ.ഡി.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ടി. വിജയൻ മുഖ്യാതിഥിയാകും. സഭ രക്ഷാധികാരി പി.കെ. നാരായണൻ അനുഗ്രഹപ്രഭാഷണം നടത്തും. കെ.കെ. വിജയൻ, എം.എം. രാഘവൻ, കെ.എൻ. പത്മനാഭൻ, പി.ടി. രാജപ്പൻ, എം.ജി. സോമൻ, കരിഷ്മ അജേഷ് കുമാർ എന്നിവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, വനിതവിഭാഗം സംസ്ഥാന പ്രസിഡന്റ് കരിഷ്മ അജേഷ് കുമാർ, സി.കെ. സോമശേഖരൻ, എം.എൻ. ഗോപാലകൃഷ്ണൻ, ഗോഗുൽ ജി. മാധവ് എന്നിവർ പങ്കെടുത്തു.