രാജാക്കാട്: മമ്മട്ടിക്കാനത്ത് ടാർ ചെയ്ത് മണിക്കൂറുകൾക്കകം റോഡ് പൊളിഞ്ഞതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. ജുമാ മസ്ജിദ് കൊടിത്തോട്ടംപടി റോഡാണ് മെറ്റലിംഗ് പോലും നടത്താതെ വെറും മണ്ണിൽ ടാർ ചെയ്തത്. ഇത് 12 മണിക്കൂറുകൾക്കകം പാടേ ഇളകിപ്പൊളിഞ്ഞതിനെ തുടർന്ന് ഇന്നലെ രാവിലെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് റീ ടാർ ചെയ്തുകൊള്ളാമെന്ന് കരാറുകാരൻ സമ്മതിച്ചു. രാജാക്കാട് പഞ്ചായത്തിൽ ഗതാഗത സൗകര്യങ്ങൾ തീരെ കുറഞ്ഞ പ്രദേശമാണ് കൊടിത്തോട്ടംപടി ഭാഗം. നാട്ടുകാരുടെ നിരന്തരാവശ്യത്തെ തുടർന്നാണ് റോഡ് നിർമ്മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചത്. 460 മീറ്ററാണ് ആകെ ദൂരം. 30 മീറ്റർ കോൺക്രീറ്റ് ചെയ്യുന്നതിനും ബാക്കി ടാർ ചെയ്യുന്നതിനുമാണ് തുക വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജോലികൾ ആരംഭിച്ചെങ്കിലും വാട്ടർ സോളിംഗ് ചെയ്യാതെ വെറും മണ്ണ് സെക്ഷൻ ചെയ്ത് മെറ്റൽ നിരത്തിയ ശേഷം നേരിട്ട് ടാർ ചെയ്യുകയായിരുന്നു. ബുധനാഴ്ച ടാർ ചെയ്ത ഭാഗം വാഹനം കയറിയതിനെ തുടർന്ന് ഇന്നലെ രാവിലെ ആയപ്പോഴേയ്ക്കും പൊളിഞ്ഞ് മണ്ണും മെറ്റലും പുറത്തുവന്നു. നിർമ്മാണസാമഗ്രികളുമായുള്ള വണ്ടി കയറിയതോടെ ബാക്കി ഭാഗങ്ങൾ കൂടി ഇളകിമാറി. തുടർന്ന് നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി എത്തുകയായിരുന്നു. എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ളവരെത്തി പരിശോധിച്ച ശേഷം പണികൾ തുടർന്നാൽ മതിയെന്ന നിലപാടിലായിരുന്നു ഇവർ. കുറ്റമറ്റ രീതിയിൽ ടാർ ചെയ്തുകൊള്ളാമെന്ന് കരാറുകാരൻ സമ്മതിച്ച ശേഷമാണ് ജനങ്ങൾ പിൻമാറിയത്.
'സർക്കാർ മുടക്കുന്ന ഓരോ രൂപയും നാടിന് പ്രയോജനപ്പെടണം. പണികളിൽ ക്രമക്കേടുണ്ടെങ്കിൽ ഒരു കാരണവശാലും ബില്ല് മാറി നൽകില്ല"
-കൊച്ചുത്രേസ്യാ പൗലോസ് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)