തൊടുപുഴ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പ് ഫലമെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ ഭരണം തികച്ചും കർഷക ദ്രോഹമാണ്. വെള്ളപ്പൊക്കത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെ ലിസ്റ്റ് പോലും പൂർത്തീകരിക്കാൻ സർക്കാരിനായിട്ടില്ല. റോഡുകളെല്ലാം തകർന്നു തരിപ്പണമായി. കടക്കെണിയിൽപ്പെട്ട കർഷകർ കടം തിരിച്ചടക്കാൻ നിവൃത്തിയില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വൻഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെടും. ഡീനിന്റെ തിളക്കമാർന്ന വിജയത്തിനായി എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്ബ്, പ്രൊഫ. കെ.ഐ. ആന്റണി, അഡ്വ. ജോസഫ് ജോൺ, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജിമ്മി മറ്റത്തിപ്പാറ, എം. മോനിച്ചൻ, കെ.എ. പരീത്, മാത്യു ജോൺ, മനോഹർ നടുവിലേടത്ത്, പ്രൊഫ. ജെസി ആന്റണി, മർട്ടിൽ മാത്യു എന്നിവർ പ്രസംഗിച്ചു. ബിനു തോട്ടുങ്കൽ സ്വാഗതവും രാജീവ് ഭാസ്‌കരൻ നന്ദിയും പറഞ്ഞു.