farmers
മറയൂരിലെ കർഷകർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ.

മറയൂർ: കൃഷിക്കുള്ള വെള്ളം സ്വകാര്യ വ്യക്തി തടയുന്നെന്ന പരാതിയുമായി കർഷകർ മറയൂർ പൊലീസ് സ്റ്റേഷനിലെത്തി. പാമ്പാർ, കന്നിയാർ പുഴകളെയാണ് ഇവിടെ കർഷകർ ജലസേചനത്തിനായി ആശ്രയിക്കുന്നത്. തലയാർ ഇടതു വലതു കനാലുകളിലൂടെയാണ് മറയൂർ, ആനക്കാൽപ്പെട്ടി മേഖലകളിലേക്ക് വെള്ളം എത്തുന്നത്. കാഫി സ്റ്റോർ ഭാഗത്ത് പാമ്പാറിൽ തടയണ കെട്ടിയാണ് ഇരു കനാലുകളിലേക്കും വെള്ളം തിരിച്ചുവിടുന്നത്. മുറയടിസ്ഥാനത്തിലാണ് കനാലുകളിൽ വെള്ളം തിരിക്കുന്നത്. ഈ വെള്ളം ഉപയോഗിച്ചാണ് പള്ളനാട് മുതൽ 16 കിലോമീറ്റർ അകലെ സഹായഗിരി മേഖല വരെയുള്ള ആയിരത്തിലധികം ഏക്കർ കൃഷിഭൂമിയിൽ ജലസേചനം നടത്തുന്നത്. തലയാർ ഇടതു കനാലിൽ കൂടി വരുന്ന വെള്ളം പുളിക്കര വയൽഭാഗത്ത് വച്ച് കനാൽ പൊട്ടിച്ച് സ്വകാര്യ വ്യക്തി എടുക്കുന്നതായും കനാലിലേക്കുള്ള വഴി അടച്ചതായും കർഷകർ പറയുന്നു. ഒമ്പതു ദിവസം രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഈ വ്യക്തിയുടെ കൃഷിയിടത്തിൽ നിശ്ചിത അളവിൽ വെള്ളം ലഭിക്കേണ്ടത്. ഇത് തെറ്റിച്ച് വെള്ളം തുടർച്ചയായി എടുക്കുന്നതായാണ് കർഷകരുടെ പരാതി. കനാലിൽ കർഷകർക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം വലകെട്ടി അടച്ചതായും പരാതിയിൽ പറയുന്നു. കടുത്ത വേനലിൽ കരിമ്പ് അടക്കമുള്ള കൃഷികൾ ഉണങ്ങി തുടങ്ങി. കൃഷിയിടത്തിൽ വെള്ളം ലഭിക്കുന്നതിന് സംഘർഷം വരെ ഉണ്ടാകാറുണ്ട്. പഞ്ചായത്ത്, ഇറിഗേഷൻ, എന്നീ വകുപ്പുകളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിച്ചു കൂട്ടി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.